സൗദിയുടെ സേവന കയറ്റുമതിയിൽ കുതിപ്പ്; 251.7 ബില്യൺ റിയാലിലെത്തി വരുമാനം

സേവന ഇറക്കുമതി 488.6 ബില്യൺ റിയാൽ; വ്യാപാരക്കമ്മി 236.9 ബില്യൺ റിയാലായി

റിയാദ്: സൗദി അറേബ്യയുടെ സേവന കയറ്റുമതിയിൽ 2025ൽ 6.9 ശതമാനം വളർച്ച. കഴിഞ്ഞ വർഷത്തെ 235.5 ബില്യൺ റിയാലിൽനിന്ന് കയറ്റുമതി വരുമാനം 251.7 ബില്യൺ റിയാലായി ഉയർന്നു. അതേസമയം, സേവന ഇറക്കുമതിയിലും വർധനയുണ്ടായി. ഇറക്കുമതി 4.2 ശതമാനം ഉയർന്ന് 488.6 ബില്യൺ റിയാലിലെത്തി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2025ലെ രാജ്യാന്തര സേവന വ്യാപാര റിപ്പോർട്ടിലാണ് ഈ കണക്കുകൾ.

യാത്രാ സേവനങ്ങളാണ് മുന്നിൽ

സേവന കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത് യാത്രാ സേവനങ്ങളിലൂടെയാണ്. ഈ വിഭാഗത്തിൽ 159.9 ബില്യൺ റിയാലാണ് ലഭിച്ചത്. ഇതിൽ വ്യക്തിഗത യാത്രകൾക്ക് 91 ശതമാനം പങ്കുണ്ട്. യാത്രാ സേവന കയറ്റുമതിയിലുണ്ടായ 4.1 ശതമാനം വളർച്ചയാണ് മൊത്തം കയറ്റുമതി വരുമാനം ഉയരാൻ പ്രധാന കാരണമായത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

35.4 ബില്യൺ റിയാലുമായി ഗതാഗത സേവനങ്ങളാണ് കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത്. ഇതിൽ വ്യോമഗതാഗതത്തിന്റെ വിഹിതം 43.3 ശതമാനമാണ്. സർക്കാർ സേവനങ്ങൾ, ആശയവിനിമയം, കമ്പ്യൂട്ടർ, വിവരസാങ്കേതിക സേവനങ്ങൾ എന്നിവയുടെ കയറ്റുമതി 9.3 ബില്യൺ റിയാൽ വീതമാണ്.

നിർമാണ സേവനങ്ങളുടെ കയറ്റുമതി 7.7 ബില്യൺ റിയാലും മറ്റ് ബിസിനസ് സേവനങ്ങളുടേത് 7.4 ബില്യൺ റിയാലുമാണ്. മറ്റ് ബിസിനസ് സേവനങ്ങളിൽ പ്രൊഫഷണൽ, മാനേജ്മെന്റ് കൺസൾട്ടിങ് സേവനങ്ങൾക്ക് 55.1 ശതമാനം പങ്കുണ്ട്.

ധനകാര്യ സേവനങ്ങളിലൂടെ 6.2 ബില്യൺ റിയാലും ഉൽപ്പാദന സേവനങ്ങളിലൂടെ 4.4 ബില്യൺ റിയാലും വരുമാനം ലഭിച്ചു. ഇൻഷുറൻസ്, പെൻഷൻ സേവനങ്ങൾ 4.2 ബില്യൺ റിയാൽ, വ്യക്തിഗത, സാംസ്കാരിക, വിനോദ സേവനങ്ങൾ 3.7 ബില്യൺ റിയാൽ, അറ്റകുറ്റപ്പണി സേവനങ്ങൾ 3.6 ബില്യൺ റിയാൽ എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ കണക്കുകൾ. ബൗദ്ധിക സ്വത്തവകാശ ഉപയോഗത്തിലൂടെ 700 ദശലക്ഷം റിയാലും ലഭിച്ചു.

ഇറക്കുമതിയിൽ ഗതാഗത സേവനങ്ങൾക്ക് ഒന്നാം സ്ഥാനം

സേവന ഇറക്കുമതിയിൽ 133.7 ബില്യൺ റിയാലുമായി ഗതാഗത സേവനങ്ങളാണ് മുന്നിൽ. മുൻവർഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ എട്ട് ശതമാനം വർധനയുണ്ടായി.

110.4 ബില്യൺ റിയാലുമായി യാത്രാ സേവനങ്ങളാണ് ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്ത്. ഇതിൽ വ്യക്തിഗത യാത്രകൾക്ക് 89.4 ശതമാനം പങ്കുണ്ട്. 69.1 ബില്യൺ റിയാലിന്റെ ഇറക്കുമതിയുമായി മറ്റ് ബിസിനസ് സേവനങ്ങളാണ് തൊട്ടുപിന്നിൽ. ഈ വിഭാഗത്തിൽ കൺസൾട്ടിങ് സേവനങ്ങളുടെ വിഹിതം 53.2 ശതമാനമാണ്.

നിർമാണ സേവനങ്ങളുടെ ഇറക്കുമതി 63.3 ബില്യൺ റിയാലാണ്. സർക്കാർ സേവനങ്ങൾക്ക് 24.7 ബില്യൺ റിയാലും ഇൻഷുറൻസ്, പെൻഷൻ സേവനങ്ങൾക്ക് 22.1 ബില്യൺ റിയാലും ചെലവായി. ആശയവിനിമയം, കമ്പ്യൂട്ടർ, വിവരസാങ്കേതിക സേവനങ്ങളുടെ ഇറക്കുമതി 16.9 ബില്യൺ റിയാലാണ്.

ഉൽപ്പാദന സേവനങ്ങൾക്ക് 14 ബില്യൺ റിയാലും വ്യക്തിഗത, സാംസ്കാരിക, വിനോദ സേവനങ്ങൾക്ക് 10.4 ബില്യൺ റിയാലും ചെലവായി. ധനകാര്യ സേവനങ്ങൾക്കായി 9.8 ബില്യൺ റിയാലും അറ്റകുറ്റപ്പണി സേവനങ്ങൾക്ക് 7.2 ബില്യൺ റിയാലും ചെലവഴിച്ചു. ബൗദ്ധിക സ്വത്തവകാശ ഉപയോഗത്തിനുള്ള ചെലവ് ഏഴ് ബില്യൺ റിയാലാണ്.

സേവന വ്യാപാരക്കമ്മിയും ഉയർന്നു

കയറ്റുമതി വരുമാനം വർധിച്ചെങ്കിലും ഇറക്കുമതിയുടെ മൂല്യം അതിനേക്കാൾ കൂടുതലായതിനാൽ സേവന വ്യാപാരക്കമ്മിയിലും വർധനയുണ്ടായി. 2024ൽ 233.5 ബില്യൺ റിയാലായിരുന്ന കമ്മി 2025ൽ 236.9 ബില്യൺ റിയാലായി ഉയർന്നു.

സേവന കയറ്റുമതിയിലെ വളർച്ച സൗദിയുടെ രാജ്യാന്തര സേവന വ്യാപാരത്തിന് നേട്ടമായെങ്കിലും ഇറക്കുമതിയിലെ ഉയർന്ന ചെലവ് വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് വെല്ലുവിളിയായി തുടരുന്നതായാണ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നത്.