നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയത്തിൽ ഭീമമായ വർധന: പ്രവാസി വിരുദ്ധ നിലപാടിൽ നിന്ന് പിന്മാറണം

ജിദ്ദ: സാധാരണ പ്രവാസികളുടെ ഏക ആശ്രയമായ നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം മൂന്നിരട്ടിയോളം വർധിപ്പിച്ച കേരള സർക്കാരിന്റെ പ്രവാസി വിരുദ്ധ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ഭാരവാഹികൾ.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പ്രവാസിക്ക് 8101 ഉം കുടുംബത്തിന് 13411 ഉം രൂപയ്ക്ക് ലഭിച്ചിരുന്ന ഇൻഷൂറൻസ് ഇപ്പോൾ മൂന്നിരട്ടിയോളം തുക വർധിപ്പിച്ചതായിട്ടാണ് അറിയുന്നത്. ഗൾഫിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്ക് പോലും ഉപകാരപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. യാതൊന്നും നീക്കിയിരിപ്പില്ലാത്ത സാധാരണ പ്രവാസിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഒരു കൈത്താങ്ങായിരുന്ന പദ്ധതിയെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ് ഈ വർദ്ധനവ്.

പ്രവാസികളിൽ നിന്ന് കോടിക്കണക്കിന് രൂപ വിമാന ടിക്കറ്റ് നികുതിയായും മറ്റും വാങ്ങുന്ന സർക്കാർ, അവർക്ക് നൽകുന്ന ഒരേയൊരു ആനുകൂല്യം പോലും ഇല്ലാതാക്കിയിരിക്കുകയാണ്.

പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗം സലീം മമ്പാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
ജില്ലാ കെ എം സി സി യുടെ പ്രതിഷേധവും ആവശ്യങ്ങളും വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് മെയിൽ അയക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ജിദ്ദ മലപ്പുറം ജില്ല കെ എം സി സി യുടെ പ്രധാന ആവശ്യങ്ങൾ:

1. വർധിപ്പിച്ച പ്രീമിയം ഉടൻ പിൻവലിച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കണം.
2. നോർക്ക കെയർ പദ്ധതി കൂടുതൽ സുതാര്യവും പ്രവാസി സൗഹൃദവുമാക്കണം.
3. പ്രവാസി ക്ഷേമ പദ്ധതികളിൽ നിന്ന് സർക്കാർ ലാഭം ഉണ്ടാക്കാനുള്ള ശ്രമം അവസാനിപ്പിക്കണം.

നാട്ടിൽ നിന്നും ഒരു സഹായവും ലഭിക്കാതെ കുടുംബം പോറ്റാനും നാടിൻ്റെ അഭിവൃദ്ധിക്കുമായി മരുഭൂമിയിൽ വിയർപ്പൊഴുക്കുന്നവരാണ് പ്രവാസികൾ. ജനക്ഷേമ സർക്കാർ ഈ വിഷയത്തിൽ യുക്തമായ നിലപാടെടുക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും ജിദ്ദ മലപ്പുറം ജില്ല കെ എം സി സി പറഞ്ഞു.

ഇല്ല്യാസ് കല്ലിങ്ങൽ, കെ കെ മുഹമ്മദ്, അബു കട്ടുപ്പാറ, മുസ്തഫ കോഴിശ്ശേരി, മുഹമ്മദ് യാസിദ് എ പി, അഷ്റഫ് മുല്ലപ്പള്ളി, നൗഫൽ ഉള്ളാടൻ, സൈതലവി പുളിയകോട്, മജീദ് കള്ളിയിൽ എന്നിവർ സംസാരിച്ചു.