സൗദിയിൽ വൈദ്യുതി, വെള്ളം നിരക്കുകൾ കൂടും; ജനങ്ങൾക്ക് 500 റിയാൽ അധിക അലവൻസ്

2027 ജനുവരി ഒന്ന് മുതൽ പുതിയ നിരക്കുകൾ; സാമ്പത്തിക ആഘാതം കുറയ്ക്കാൻ സൽമാൻ രാജാവിന്റെ ഇടപെടൽ
റിയാദ്: സൗദി അറേബ്യയിൽ വൈദ്യുതി, വെള്ളം, മലിനജല സേവനങ്ങളുടെ നിരക്കുകൾ 2027 ജനുവരി ഒന്ന് മുതൽ വർധിപ്പിക്കും. നിരക്ക് വർധന മൂലം പൗരന്മാർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനായി വിവിധ സഹായ നടപടികൾക്ക് സൽമാൻ രാജാവ് നിർദേശം നൽകി. തിരഞ്ഞെടുത്ത വിഭാഗങ്ങളിലെ ജീവനക്കാർ, പെൻഷൻകാർ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നവർ എന്നിവരുടെ പ്രതിമാസ അലവൻസിൽ 500 റിയാൽ വർധിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ വേതനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. പുതുക്കിയ യൂട്ടിലിറ്റി നിരക്കുകൾ ജനങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കാതിരിക്കാനും അർഹരായവർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാനുമാണ് നടപടികൾ ലക്ഷ്യമിടുന്നത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സൽമാൻ രാജാവിന്റെ നിർദേശങ്ങളെന്ന് സൗദി പ്രസ് ഏജൻസി (എസ്.പി.എ) റിപ്പോർട്ട് ചെയ്തു.
2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ വൈദ്യുതി, ജല നിരക്കുകളുടെ വിശദാംശങ്ങൾ സൗദി ഊർജ കമ്പനിയും നാഷണൽ വാട്ടർ കമ്പനിയും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സാമ്പത്തിക സഹായ നടപടികൾ സംബന്ധിച്ച നിർദേശങ്ങൾ പുറത്തുവന്നത്.
നിരക്ക് വർധനയുടെ ആഘാതം കുറയ്ക്കുന്നതിനൊപ്പം സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ വരുമാനം മെച്ചപ്പെടുത്താനും പുതിയ നടപടികളിലൂടെ ലക്ഷ്യമിടുന്നു. എന്നാൽ വർധന ബാധകമാകുന്ന നിരക്കുകളുടെയും സാമ്പത്തിക സഹായത്തിന് അർഹരായ വിഭാഗങ്ങളുടെയും കൂടുതൽ വിശദാംശങ്ങൾ അധികൃതരുടെ പ്രഖ്യാപനങ്ങൾക്കനുസരിച്ചായിരിക്കും വ്യക്തമാകുക.






