സൗദി പ്രവേശനം എളുപ്പമാക്കാൻ പുതിയ അബ്ഷർ സേവനം

റിയാദ്: സൗദി അറേബ്യയിലെ കര അതിർത്തികൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന ജി.സി.സി പൗരന്മാർക്കും മറ്റ് സന്ദർശകർക്കുമായി ‘അബ്ഷർ ട്രാവൽ ഫോർ വിസിറ്റേഴ്സ്’ എന്ന പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയമാണ് തിങ്കളാഴ്ച അബ്ഷർ ആപ്പ് വഴി സേവനം ലഭ്യമാക്കിയത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

യാത്രാ നടപടികൾ എളുപ്പമാക്കുകയും അതിർത്തികളിലെ പ്രവേശനം വേഗത്തിലാക്കുകയുമാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം.

യാത്രയ്ക്ക് മുമ്പ് തന്നെ സന്ദർശകർക്ക് തങ്ങളുടെയും വാഹനത്തിന്റെയും വിവരങ്ങൾ ആപ്പിൽ നൽകാം. വാഹന ഇൻഷുറൻസ് ഉൾപ്പെടെയുള്ള നടപടികളും ഓൺലൈനായി പൂർത്തിയാക്കാം.

സേവനം ഉപയോഗിക്കാൻ അബ്ഷർ ആപ്പിലെ ‘അബ്ഷർ ട്രാവൽ ഫോർ വിസിറ്റേഴ്സ്’ വിഭാഗത്തിൽ പ്രവേശിച്ച് പൗരത്വം, മൊബൈൽ നമ്പർ, യാത്രാരേഖയുടെ വിവരങ്ങൾ, പ്രവേശിക്കാനുദ്ദേശിക്കുന്ന അതിർത്തി, യാത്രാ തീയതി എന്നിവ നൽകണം. തുടർന്ന് യാത്രക്കാരന്റെയും വാഹനത്തിന്റെയും വിവരങ്ങൾ രേഖപ്പെടുത്തി നടപടികൾ പൂർത്തിയാക്കാം.

സേവനം ആരംഭിച്ച് ആറുമാസത്തിനുശേഷം ഇത് സന്ദർശകർക്ക് നിർബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാനും സന്ദർശകർക്ക് മികച്ച ഡിജിറ്റൽ സേവനങ്ങൾ നൽകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചത്.