തെഹ്‌റാനിൽ നിർണായക ചർച്ച; സൗദി സംഘത്തെ ഖാലിദ് ബിൻ സൽമാൻ നയിക്കും

റിയാദ്: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്ക് അയവുവരുത്താനും നയതന്ത്ര പരിഹാരങ്ങൾക്കുള്ള സാധ്യതകൾ തേടാനും ലക്ഷ്യമിട്ട് തെഹ്‌റാനിൽ നടക്കുന്ന ഉന്നതതല ചർച്ചകളിൽ സൗദി അറേബ്യയുടെ പ്രതിനിധി സംഘത്തെ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ നയിക്കും. ഖത്തറും പാകിസ്ഥാനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതും ചർച്ചകളുടെ പ്രധാന ലക്ഷ്യമാണ്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളുടെ പ്രതിനിധികളും ഇറാൻ അധികൃതരും പങ്കെടുക്കുന്ന യോഗം തിങ്കളാഴ്ചയാണ് നടക്കുന്നത്. മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ യോഗം പ്രധാനമായും ചർച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പൊതുനയതന്ത്ര വിഭാഗം അണ്ടർ സെക്രട്ടറി അംബാസഡർ ഡോ. റാഇദ് ഖർമലി വ്യക്തമാക്കി.

നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നത് തടയാനും ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ സംഭാഷണത്തിനും നയതന്ത്ര ഇടപെടലുകൾക്കും അവസരമൊരുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി സമാധാനവും സ്ഥിരതയും കൈവരിക്കുകയാണ് ലക്ഷ്യമെന്നും ഖർമലി പറഞ്ഞു.

അതേസമയം, ചർച്ചകളിൽ പാകിസ്ഥാനെ സൈനിക മേധാവി അസിം മുനീറും തുർക്കിയെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കാലിനും പ്രതിനിധീകരിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലുമായി പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ കൂടിയാലോചനകൾ നടത്തുമെന്നും ഇറാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലി ബാഖിരി കാനിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവുവരുത്തുന്നതിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നിർണായക പങ്കുള്ള സാഹചര്യത്തിൽ, തെഹ്‌റാൻ കൂടിക്കാഴ്ചയുടെ ഫലങ്ങളിലേക്കാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.