സൗദിക്കെതിരായ ആക്രമണം; യമനിൽ ഹൂതി മിസൈൽ താവളങ്ങൾ തകർത്ത് സഖ്യസേന

അഞ്ച് മിസൈൽ തുരങ്കങ്ങളും നാല് വിക്ഷേപണ സംവിധാനങ്ങളും തകർത്തു

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂതി ആക്രമണങ്ങൾക്ക് തിരിച്ചടിയായി യമനിൽ നിർണായക സൈനിക നടപടി നടത്തി സഖ്യസേന. ബാലിസ്റ്റിക് മിസൈലുകൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് തുരങ്കങ്ങളും നാല് മിസൈൽ വിക്ഷേപണ സംവിധാനങ്ങളും ഒരു മിസൈൽ സംഭരണ കേന്ദ്രവും തകർത്തതായി സഖ്യസേന അറിയിച്ചു.

യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് തിങ്കളാഴ്ച സൈനിക നടപടിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഹൂതി മിലിഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങളാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ തുടർച്ചയായി നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽനിന്നുള്ള ഭീഷണി ഇല്ലാതാക്കുകയാണ് സൈനിക നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് അൽ മാലികി പറഞ്ഞു. ഹൂതികളുടെ സൈനിക താവളങ്ങളിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും എത്തിക്കുന്ന വിതരണ പാതകളും മുൻനിരകളിൽ വിന്യസിച്ച സൈനികർക്കുള്ള സഹായ സംവിധാനങ്ങളും ആക്രമണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

സൗദി അറേബ്യയിലെയും യമനിലെയും സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനും രാജ്യത്തിന്റെ സ്വയംപ്രതിരോധത്തിനുള്ള നിയമാനുസൃത അവകാശം സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് സഖ്യസേന വ്യക്തമാക്കി.

ഹൂതികളുടെ തുടർ ആക്രമണങ്ങളിൽനിന്ന് സൗദിയിലെ ജനങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിനായി ആവശ്യമായ പ്രതിരോധാത്മക സൈനിക നടപടികൾ തുടരുമെന്നും അൽ മാലികി മുന്നറിയിപ്പ് നൽകി. യമനിലെ സാധാരണക്കാരെ ഹൂതികളുടെ അക്രമങ്ങളിൽനിന്നും അതിക്രമങ്ങളിൽനിന്നും സംരക്ഷിക്കുന്നതും സൈനിക നീക്കങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര മാനുഷിക നിയമത്തിലെ പൊതുവായി അംഗീകരിക്കപ്പെട്ട ചട്ടങ്ങൾ പാലിച്ചാണ് സൈനിക നടപടി നടത്തിയതെന്നും സഖ്യസേന അറിയിച്ചു.