സൗദിയിൽ 7,800ലേറെ വിമാന സർവീസുകൾ റദ്ദാക്കി; റിയാദ് വിമാനത്താവളം തുറന്നിട്ടും പ്രതിസന്ധി തുടരുന്നു

ഒക്ടോബർ 8 മുതൽ 25 വരെ റദ്ദാക്കപ്പെടുകയോ പറക്കൽ നടത്താത്തതായി രേഖപ്പെടുത്തുകയോ ചെയ്തത് 7,802 സർവീസുകൾ; റിയാദിൽ 86 ശതമാനത്തോളം സർവീസുകളെ ബാധിച്ചു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാഴ്ചത്തെ അടച്ചിടലിന് ശേഷം ഞായറാഴ്ച (ഒക്ടോബർ 25) വീണ്ടും പ്രവർത്തനം ആരംഭിച്ചെങ്കിലും വിമാന സർവീസുകളിലെ തടസ്സങ്ങൾ തുടരുന്നു. വിമാനത്താവളം തുറന്നതിനു പിന്നാലെയും ഷെഡ്യൂൾ ചെയ്ത ഭൂരിഭാഗം സർവീസുകളും റദ്ദാക്കപ്പെട്ടതായാണ് വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ഫ്ലൈറ്റ്റഡാർ24 പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
വാര്ത്തകൾ മുടങ്ങാതെ ലഭിക്കുവാന് ഇവിടെ ക്ളിക്ക് ചെയ്യുക
യമനിലെ ഹൂതി വിമത പ്രസ്ഥാനം സൗദിയിലെ വിമാനത്താവളങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടതിനു പിന്നാലെ, മിസൈൽ-ഡ്രോൺ ഭീഷണികൾ തുടരുന്നതാണ് വ്യോമഗതാഗതത്തെ പ്രതിസന്ധിയിലാക്കിയത്.
ഞായറാഴ്ച ദുബൈ, പാരിസ്, കെയ്റോ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ നിരവധി ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ റിയാദ് വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിരുന്നു.
ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ ടെർമിനൽ ക്രമീകരണം അനുസരിച്ച് ടെർമിനൽ 1: സൗദി ദേശീയ വിമാനക്കമ്പനികളുടെ ആഭ്യന്തര സർവീസുകളും ടെർമിനൽ 2: സൗദി ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകളുമാണ് സേവനത്തിനായി ഒരുക്കിയത്.
സ്ഥിരീകരിച്ച ബുക്കിങ്ങുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസിന്റെ നിലവിലെ സ്ഥിതിയും സമയക്രമവും അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു.
ഞായറാഴ്ച ഏതാനും വിമാനങ്ങൾ പുറപ്പെട്ടതായി ഫ്ലൈറ്റ്റഡാർ൨൪ രേഖപ്പെടുത്തിയെങ്കിലും ഭൂരിഭാഗം സർവീസുകളും റദ്ദാക്കിയ നിലയിലായിരുന്നു. പുനരാരംഭിച്ച സർവീസുകളുടെ വ്യാപ്തി സംബന്ധിച്ച് സൗദി അധികൃതർ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിട്ടിരുന്നില്ല.
വ്യോമയാന വിവര വിശകലന സ്ഥാപനമായ സിറിയത്തിന്റെ കണക്കുകൾ പ്രകാരം, ഒക്ടോബർ 8 മുതൽ 25 വരെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന 7,802 വിമാന സർവീസുകൾ റദ്ദാക്കുകയോ പറക്കൽ നടത്താത്തതായി രേഖപ്പെടുത്തുകയോ ചെയ്തു.
ഈ കാലയളവിൽ രാജ്യത്തുടനീളം ആകെ 17,299 പുറപ്പെടൽ സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ 45.1 ശതമാനത്തെയാണ് തടസ്സങ്ങൾ ബാധിച്ചത്.
പ്രധാന വിമാനത്താവളങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് സൗദി തലസ്ഥാന നഗരിയായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇവിടെ ഷെഡ്യൂൾ ചെയ്ത സർവീസുകളിൽ 85.96 ശതമാനത്തെയും തടസ്സങ്ങൾ ബാധിച്ചു.
7,802 സർവീസുകളാണ് സൗദിയിലുടനീളം മൊത്തം റദ്ദാക്കുകയോ പറക്കാത്തതായോ രേഖപ്പെടുത്തുകയോ ചെയ്തു. 45.1 ശതമാനം രാജ്യവ്യാപകമായി തടസ്സം നേരിട്ട സർവീസുകളുടെ എണ്ണമാണ്. 85.96 ശതമാനം റിയാദിലെ സർവീസുകളെ ബാധിച്ചതായാണ് കണക്ക്.
ഒക്ടോബർ 12 ലെ കണക്കു പ്രകാരം പ്രതിദിന തടസ്സനിരക്ക് 60.21 ശതമാനത്തിലെത്തി. ഒക്ടോബർ 25 ലെ കണക്കു പ്രകാരം റിയാദ് വിമാനത്താവളം തുറന്ന ദിവസം നിരക്ക് 44.23 ശതമാനമായി ഉയർന്നു. തലേദിവസം ഇത് 16.51 ശതമാനമായിരുന്നു.
സിറിയത്തിന്റെ കണക്കുകൾ പ്രകാരം ഒക്ടോബർ 8 മുതൽ 25 വരെയുള്ള കാലയളവിൽ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ സർവീസുകൾ ബാധിക്കപ്പെട്ടതിന്റെ തോത് വ്യത്യസ്തമാണ്. റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷെഡ്യൂൾ ചെയ്ത 4,736 സർവീസുകളിൽ 4,071 എണ്ണത്തെ ബാധിച്ചു. (നിരക്ക് 85.96 ശതമാനം). ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6,380 സർവീസുകളിൽ 1,402 എണ്ണമാണ് ബാധിക്കപ്പെട്ടത്. (നിരക്ക് 21.97 ശതമാനം). ദമ്മാം: കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,956 സർവീസുകളിൽ 823 എണ്ണത്തെ ബാധിച്ചു. (നിരക്ക് 42.08 ശതമാനം). തായിഫ്: 190 സർവീസുകളിൽ 109 എണ്ണം (57.37 ശതമാനം). അബ്ഹ: 636 സർവീസുകളിൽ 297 എണ്ണം (46.7 ശതമാനം). മദീന: 1,592 സർവീസുകളിൽ 286 എണ്ണം (17.96 ശതമാനം).
അതേസമയം ഒക്ടോബർ 8 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ വിമാന സർവീസുകൾ റദ്ദാക്കിയതിന്റെയും പറക്കാത്തതായി രേഖപ്പെടുത്തിയതിന്റെയും പ്രതിദിന സർവീസ് തടസ്സങ്ങളുടെ നിരക്കിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ടായി. ഒക്ടോബർ 8ന് 1,194 സർവീസുകളിൽ 385 എണ്ണത്തെ ബാധിച്ചു(32.24 ശതമാനം). ഒക്ടോബർ 11ന് 1,096 സർവീസുകളിൽ 620 എണ്ണതെയാണ് ബാധിച്ചത്. (56.57 ശതമാനം).
ഒക്ടോബർ 12: 1,048 സർവീസുകളിൽ 631 എണ്ണം (60.21 ശതമാനം).
ഒക്ടോബർ 15: 1,178 സർവീസുകളിൽ 701 എണ്ണം (59.51 ശതമാനം). ഒക്ടോബർ 18 മുതൽ 21 വരെ: പ്രതിദിന തടസ്സനിരക്ക് 50 ശതമാനത്തിന് മുകളിൽ തുടർന്നു.
ഒക്ടോബർ 22: 868 സർവീസുകളിൽ 354 എണ്ണം (40.78 ശതമാനം).
ഒക്ടോബർ 24: 636 സർവീസുകളിൽ 105 എണ്ണം (16.51 ശതമാനം).
ഒക്ടോബർ 25: 1,013 സർവീസുകളിൽ 448 എണ്ണം (44.23 ശതമാനം).
ഒക്ടോബർ 24ന് സർവീസ് തടസ്സങ്ങൾ കുറഞ്ഞിരുന്നെങ്കിലും റിയാദ് വിമാനത്താവളം വീണ്ടും തുറന്ന ഒക്ടോബർ 25ന് നിരക്ക് വീണ്ടും ഉയർന്നു.
ഞായറാഴ്ച പുലർച്ചെ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ടായി. ആകാശമാർഗമുള്ള ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കും പിന്നാലെയായിരുന്നു സ്ഫോടനശബ്ദങ്ങൾ കേട്ടത്.
റിയാദിനെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും തകർത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. തുടർന്ന് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിനെ ലക്ഷ്യമിട്ട ക്രൂയിസ് മിസൈലും തടഞ്ഞതായി റിപ്പോർട്ടുകളുണ്ടായി.
സൗദി സിവിൽ ഡിഫൻസ് അറിയിച്ചതനുസരിച്ച്, മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. ശനിയാഴ്ച മക്ക, മദീന മേഖലകളിലും അവശിഷ്ടങ്ങൾ പതിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ രണ്ട് നഗരങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണം ഹൂതികൾ നിഷേധിച്ചു.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അടിയന്തര സേവനങ്ങളിലല്ലാത്ത അമേരിക്കൻ സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും സൗദി അറേബ്യ വിടാൻ അമേരിക്ക നിർദേശിച്ചിട്ടുണ്ട്. കൂടുതൽ ആക്രമണങ്ങൾക്കും വ്യോമാതിർത്തി അടച്ചിടലിനും വിമാന സർവീസുകൾ തടസ്സപ്പെടുന്നതിനും സാധ്യതയുണ്ടെന്ന് റിയാദിലെ അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകി. യാത്രയ്ക്ക് മുമ്പ് വിമാനങ്ങളുടെ നിലവിലെ സ്ഥിതി അതത് വിമാനക്കമ്പനികളുമായി നേരിട്ട് പരിശോധിക്കണമെന്നും അമേരിക്കൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.
സുരക്ഷാ ആശങ്കകളും സർവീസ് തടസ്സങ്ങളും തുടരുന്നതിനിടെ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്.
യു.എ.ഇ. വിമാനക്കമ്പനികൾ
ഇത്തിഹാദ് എയർവേയ്സ്: അബൂദബി–ദമ്മാം, അബൂദബി–റിയാദ് സർവീസുകൾ നവംബർ 5 വരെ റദ്ദാക്കി.
എമിറേറ്റ്സ്: റിയാദ്, ദമ്മാം, ജിദ്ദ സർവീസുകൾ ഒക്ടോബർ 25 വരെ നിർത്തിവെച്ചതായി ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.
ഫ്ലൈദുബൈ: റിയാദ്, ദമ്മാം, അബ്ഹ സർവീസുകൾ ഒക്ടോബർ 29 വരെ നിർത്തിവെച്ചു.
എയർ അറേബ്യ: ഷാർജയിൽനിന്ന് റിയാദ്, അബ്ഹ, ദമ്മാം, തായിഫ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. പുനരാരംഭിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യൻ വിമാനക്കമ്പനികൾ:
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്: റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 7 വരെയും ജിദ്ദ സർവീസുകൾ ഒക്ടോബർ 31 വരെയും നിർത്തിവെച്ചു.
ഇൻഡിഗോ: റിയാദ്, ജിദ്ദ, ദമ്മാം, മദീന സർവീസുകൾ ഒക്ടോബർ 31 വരെ റദ്ദാക്കി.
ആകാശ എയർ: ജിദ്ദ സർവീസുകൾ നവംബർ 10 വരെയും റിയാദ് സർവീസുകൾ നവംബർ 30 വരെയും നിർത്തിവെച്ചു.
സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയ അർഹരായ യാത്രക്കാർക്ക് വിമാനക്കമ്പനികളുടെ നിബന്ധനകൾക്ക് വിധേയമായി ടിക്കറ്റ് തുക തിരിച്ചുപിടിക്കാനോ യാത്ര പുനഃക്രമീകരിക്കാനോ അവസരമുണ്ടായേക്കും.
മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികൾ
ഒമാൻ എയർ, സലാം എയർ: റിയാദ് സർവീസുകൾ ഒക്ടോബർ 31 വരെ നിർത്തിവെക്കുകയോ റദ്ദാക്കുകയോ ചെയ്തു. ദമ്മാം സർവീസുകളും സലാം എയർ ഇതേ തീയതി വരെ നിർത്തിവെച്ചിട്ടുണ്ട്.
പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്: ഒക്ടോബർ 9 മുതൽ റിയാദ് സർവീസുകൾ നിർത്തിവെച്ചു. പുനരാരംഭിക്കുന്ന തീയതി വ്യക്തമല്ല.
ഫിലിപ്പൈൻ എയർലൈൻസ്: റിയാദ് സർവീസുകളായ പിആർ654, പിആർ655 എന്നിവ നവംബർ 29 വരെ നിർത്തിവെച്ചു.
ലുഫ്താൻസ ഗ്രൂപ്പ്: റിയാദ് സർവീസുകൾ നവംബർ 18 വരെയും ദമ്മാം സർവീസുകൾ നവംബർ 30 വരെയും നിർത്തിവെച്ചു.
കെ.എൽ.എം.: റിയാദ്, ദമ്മാം സർവീസുകളിലെ റദ്ദാക്കൽ ഒക്ടോബർ 31 വരെ നീട്ടി.
സ്കൂട്ട്: സിംഗപ്പൂർ–ജിദ്ദ സർവീസുകൾ ഡിസംബർ 2 വരെ റദ്ദാക്കി.
ബ്രിട്ടീഷ് എയർവേയ്സ്: റിയാദ് സർവീസുകൾ നവംബർ 3ന് പുനരാരംഭിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. പ്രതിദിനം ഒരു സർവീസായിരിക്കും.
യൂറോവിങ്സ്: ജിദ്ദ സർവീസുകൾ നവംബർ 12ന് പുനരാരംഭിക്കാൻ നിശ്ചയിച്ചു.
ഡെൽറ്റ എയർലൈൻസ്: അറ്റ്ലാന്റ–റിയാദ് സർവീസ് ആരംഭിക്കുന്നത് 2027 മാർച്ചിലേക്ക് മാറ്റി.
മലേഷ്യ എയർലൈൻസ് ജിദ്ദ, മദീന സർവീസുകൾ ഒക്ടോബർ 18ന് പുനരാരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എയർ ഫ്രാൻസിന്റെ റിയാദ് സർവീസ് നിർത്തിവെക്കൽ ഒക്ടോബർ 24 വരെ മാത്രമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഈ രണ്ട് സർവീസുകളുടെയും നിലവിലെ സ്ഥിതി യാത്രക്കാർ സ്ഥിരീകരിക്കണം.
ഒക്ടോബർ 8 മുതൽ 25 വരെ സൗദി വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന സർവീസുകളുടെ കണക്കുകളാണ് സിറിയം പുറത്തുവിട്ടത്. റദ്ദാക്കിയതോ പറക്കാത്തതായി രേഖപ്പെടുത്തിയതോ ആയ എല്ലാ സർവീസുകളും ഒരേ കാരണത്താലാണ് തടസ്സപ്പെട്ടതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നില്ല.
സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനിയുടെ ഔദ്യോഗിക ചാനലുകൾ വഴി സർവീസിന്റെ സ്ഥിതി പരിശോധിക്കുക.
റിയാദ് വിമാനത്താവളത്തിലെ ടെർമിനൽ ക്രമീകരണങ്ങളും പുറപ്പെടൽ സമയവും ഉറപ്പാക്കുക.
റദ്ദാക്കൽ, വൈകൽ, സമയമാറ്റം എന്നിവ സംബന്ധിച്ച അറിയിപ്പുകൾ നിരീക്ഷിക്കുക.
സർവീസ് റദ്ദായാൽ ടിക്കറ്റ് തുക തിരിച്ചുപിടിക്കാനോ യാത്ര പുനഃക്രമീകരിക്കാനോ ഉള്ള സാധ്യതകൾ പരിശോധിക്കുക.
റിയാദ് വിമാനത്താവളം വീണ്ടും തുറന്നെങ്കിലും സുരക്ഷാ മുന്നറിയിപ്പുകളും ഉയർന്ന തോതിലുള്ള സർവീസ് തടസ്സങ്ങളും അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ നിയന്ത്രണങ്ങളും തുടരുകയാണ്. അതിനാൽ സൗദിയിലേക്കും തിരിച്ചുമുള്ള യാത്രക്കാർ യാത്രാ പദ്ധതികൾ തയ്യാറാക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു.
സ്രോതസ്സ്: Cirium, Flightradar24,






