മക്കയ്ക്കും മദീനയ്ക്കും നേരെ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് അൽ അസ്ഹർ

ആക്രമണങ്ങൾ അവസാനിപ്പിക്കണം; സംഘർഷം ലഘൂകരിക്കാൻ അടിയന്തര മധ്യസ്ഥ സമിതി വേണമെന്നും അഹ്മദ് അൽ ത്വയ്യിബ്

കെയ്‌റോ: ലോകമെമ്പാടുമുള്ള രണ്ട് ബില്യൺ മുസ്‌ലിംകളുടെ മതവികാരങ്ങളെ മുറിവേൽപ്പിക്കുന്ന ഹീനനടപടിയാണ് മക്കയ്ക്കും മദീനയ്ക്കും നേരെയുള്ള ഹൂതി ആക്രമണങ്ങളെന്ന് അൽ അസ്ഹർ ഗ്രാൻഡ് ഇമാം പ്രൊഫ. ഡോ. അഹ്മദ് അൽ ത്വയ്യിബ്. വിശുദ്ധ നഗരങ്ങളെയും പരിസര പ്രദേശങ്ങളെയും സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും മേഖലയിൽ വർധിച്ചുവരുന്ന സംഘർഷം ലഘൂകരിക്കാൻ അടിയന്തര മധ്യസ്ഥ സമിതി രൂപീകരിക്കണമെന്നും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ആവശ്യപ്പെട്ടു.

വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രത ലംഘിക്കുന്നതും സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പൗരന്മാരുടെയും സന്ദർശകരുടെയും ജീവനും ഭീഷണിയാകുന്നതുമായ നടപടികൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അൽ അസ്ഹർ പ്രസ്താവനയിൽ വ്യക്തമാക്കി. വിശുദ്ധ നഗരങ്ങൾക്ക് സമീപം എത്തിയ ആക്രമണങ്ങളെ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഓരോ മുസ്‌ലിമിന്റെയും ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ള മക്കയെയും മദീനയെയും ലക്ഷ്യമിടുന്നത് വിശുദ്ധ കേന്ദ്രങ്ങളുടെ സംരക്ഷണച്ചുമതലയുള്ള രാജ്യത്തിനെതിരായ ആക്രമണം മാത്രമല്ല, ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളോടുള്ള വെല്ലുവിളി കൂടിയാണെന്ന് അൽ അസ്ഹർ വ്യക്തമാക്കി.

വിശുദ്ധ ഭൂമിയിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അവിടേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന തീർഥാടകരുടെ ജീവനും സുരക്ഷയും സംരക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കാൻ സമാധാനവും സുസ്ഥിരതയും ആഗ്രഹിക്കുന്ന വിവേകശാലികളായ വ്യക്തികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തര മധ്യസ്ഥ സമിതി രൂപീകരിക്കണമെന്നാണ് അൽ ത്വയ്യിബിന്റെ ആവശ്യം.

അറബ്, മുസ്‌ലിം രാജ്യങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാനും പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കണ്ടെത്താനും സമിതി ഇടപെടണം. രാജ്യങ്ങളുടെ പരമാധികാരവും സ്ഥിരതയും സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും ഭാവിതലമുറയുടെ താൽപര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ആവശ്യപ്പെട്ടു.