പ്രവാസി കുടുംബങ്ങൾക്ക് കരുതലായി ‘കാരുണ്യഹസ്തം’; ജിദ്ദയിൽ വനിതാ വിങ്ങിന്റെ പ്രചാരണത്തിന് തുടക്കം

അംഗത്വ ക്യാമ്പയിൻ ഡിസംബർ 15 വരെ; പ്രവാസി വനിതകളെ ഉൾപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികൾ

ജിദ്ദ: പ്രവാസി കുടുംബങ്ങൾക്ക് സുരക്ഷയും കരുതലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി നടപ്പിലാക്കുന്ന ‘കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027’-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ തുടക്കമായി. ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ നടക്കുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ജിദ്ദയിലെ പ്രവാസി വനിതകളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ആദ്യമായാണ് പദ്ധതിയുടെ പ്രചാരണത്തിനായി ജിദ്ദ കെ.എം.സി.സി. വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ പ്രവാസി വനിതകളെ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ സന്ദേശം ജിദ്ദയിലെ മുഴുവൻ വനിതാ പ്രവാസികളിലേക്കും എത്തിക്കാനും കൂടുതൽ പേരെ അംഗങ്ങളാക്കാനുമുള്ള പ്രവർത്തനങ്ങൾക്കായി യോഗം തീരുമാനിച്ചു.

കഴിഞ്ഞ 17 വർഷമായി കുടുംബനാഥനെ നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ പദ്ധതിയാണ് കാരുണ്യഹസ്തം. വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കും കുടുംബങ്ങൾക്കും സഹായമെത്തിക്കുന്ന ഈ പദ്ധതിയിൽ ജിദ്ദയിലുള്ള മലയാളികൾക്ക് ജാതിമത ഭേദമന്യേ അംഗങ്ങളാകാം.

വനിതാ വിങ് പ്രസിഡന്റ് മുംതാസ് പാലോളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാബിൽ മമ്പാട്, ഹസീന എന്നിവർ സംസാരിച്ചു. കാരുണ്യഹസ്തം കോർഡിനേറ്റർമാരായ മിസ്രിയ ഹമീദ്, സലീന ഇബ്രാഹിം എന്നിവർ ആവശ്യമായ നിർദേശങ്ങൾ നൽകി.

ബസ്മ സാബിൽ, ഇർഷാദ ഇല്യാസ്, ഹാജറ ബഷീർ, സുരയ്യ കാരി, നസീമ ഹൈദർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷമീല മൂസ സ്വാഗതവും നസീഹ അൻവർ നന്ദിയും പറഞ്ഞു.

പ്രവാസി കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള കാരുണ്യഹസ്തം പദ്ധതി, പ്രതിസന്ധികളിൽ പ്രവാസി കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന ജിദ്ദ കെ.എം.സി.സി.യുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമാണ്.