റിയാദിന് നേരെ ആക്രമണശ്രമം; മിസൈൽ, ഡ്രോൺ പ്രതിരോധിച്ച് സഖ്യസേന

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ പ്രതിരോധിച്ച് സഖ്യസേന. റിയാദ് ലക്ഷ്യമാക്കി എത്തിയ ബാലിസ്റ്റിക് മിസൈലും കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട ഡ്രോണും തടഞ്ഞ് തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ശനിയാഴ്ച പുലർച്ചെ നാലുമണിക്ക് പിന്നാലെ റിയാദ്, നജ്‌റാൻ, വാദി അൽദവാസിർ മേഖലകളിൽ വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. എർലി വാണിങ് പ്ലാറ്റ്‌ഫോം വഴിയായിരുന്നു ജാഗ്രതാനിർദേശം.

മുന്നറിയിപ്പിന് പിന്നാലെ റിയാദ് നഗരത്തിൽ രണ്ട് ഉഗ്രസ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിയാദിന് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞുനശിപ്പിച്ചതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. കിഴക്കൻ പ്രവിശ്യയ്ക്ക് നേരെയെത്തിയ ഡ്രോണും പ്രതിരോധസേന തകർത്തതായി അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ സൗദി അറേബ്യയ്ക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവവികാസം. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ സുരക്ഷാ ആശങ്ക ഉയർത്തിയിട്ടുണ്ട്.

യമൻ അതിർത്തിയോട് ചേർന്ന നജ്‌റാൻ മേഖലയിൽ മുൻപും റോക്കറ്റ്, ഡ്രോൺ ആക്രമണശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. റിയാദ് പ്രവിശ്യയുടെ തെക്കൻ ഭാഗത്തുള്ള വാദി അൽദവാസിർ റുബ്അൽ ഖാലി മരുഭൂമിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

യമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്നതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള വിശാലമായ പ്രാദേശിക സംഘർഷങ്ങളും സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.

2014 അവസാനത്തിൽ ഹൂതികൾ യമൻ തലസ്ഥാനമായ സൻആ പിടിച്ചെടുത്തതോടെയാണ് രാജ്യത്തെ ആഭ്യന്തര സംഘർഷം രൂക്ഷമായത്. വർഷങ്ങളായി തുടരുന്ന യുദ്ധം യമനിൽ കടുത്ത മാനുഷിക പ്രതിസന്ധിക്കും വ്യാപകമായ ജീവഹാനിക്കും കാരണമായിട്ടുണ്ട്.