സൗദി കിഴക്കൻ പ്രവിശ്യയിൽ ആക്രമണങ്ങൾ; വിമാനത്താവളത്തിലും എണ്ണപ്പാടത്തും മരണം

ദമാം കിങ് ഫഹദ് വിമാനത്താവളത്തിലും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തും ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വിമാനത്താവളത്തെയും എണ്ണസംസ്കരണ കേന്ദ്രത്തെയും ലക്ഷ്യമിട്ട് നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ ആളപായം. ഷൈബ എണ്ണപ്പാടത്തെ എണ്ണസംസ്കരണ കേന്ദ്രം ലക്ഷ്യമിട്ട ഡ്രോൺ ആക്രമണം പ്രതിരോധിച്ച് തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ദമാമിലെ കിങ് ഫഹദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യാഴാഴ്ച പുലർച്ചെയാണ് അറിയിച്ചത്.

ഷൈബ എണ്ണപ്പാടത്തുണ്ടായ സംഭവത്തിൽ മരിച്ചവരിൽ ഒരാൾ ഫിലിപ്പീൻസ് സ്വദേശിയും മറ്റൊരാൾ നേപ്പാൾ സ്വദേശിയുമാണെന്ന് ഊർജ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പരിക്കേറ്റ രണ്ടുപേരിൽ പാകിസ്താൻ, ഇന്ത്യ സ്വദേശികളായ താമസക്കാരും ഉൾപ്പെടുന്നു.

എണ്ണപ്പാടത്ത് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ വാഹനത്തിന് തീപിടിച്ചതായും സംഭവം എണ്ണസംസ്കരണ കേന്ദ്രത്തിന്റെ അതിർത്തിക്ക് പുറത്താണ് ഉണ്ടായതെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് എണ്ണപ്പാടത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

അതേസമയം, സൗദിയുടെ കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിൽ നാല് ഡ്രോണുകൾ വെടിവെച്ചിട്ടതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.

ബുധനാഴ്ച മദീന മേഖല ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് വിക്ഷേപിച്ച ഏഴ് ഡ്രോണുകൾ പ്രതിരോധിച്ച് തകർത്തതായി സഖ്യസേന നേരത്തേ അറിയിച്ചിരുന്നു. മദീനയിലാണ് പ്രവാചക പള്ളി സ്ഥിതി ചെയ്യുന്നത്.

സൗദിയിലേക്ക് വിക്ഷേപിച്ച നാല് ഡ്രോണുകൾ തടഞ്ഞ് തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി എക്സിലൂടെ അറിയിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും മദീന മേഖലയിലുമാണ് ഇവ തടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നീട് കിഴക്കൻ പ്രവിശ്യയിൽ മറ്റൊരു ഡ്രോൺ കൂടി തടഞ്ഞതായി അൽ മാലികി അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം തെക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച ആറാമത്തെയും കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട ഏഴാമത്തെയും ഡ്രോണുകൾ പ്രതിരോധിച്ച് തകർത്തതായും സഖ്യസേന വ്യക്തമാക്കി.