സഹജീവി സ്നേഹത്തിന്റെ നാലക്ഷരം നെഞ്ചേറ്റി; ജിദ്ദ മലപ്പുറം ജില്ല KMCC സ്റ്റുഡൻസ് വിംഗ് യോഗം ശ്രദ്ധേയമായി

ജിദ്ദ: പ്രവാസലോകത്ത് മലയാളികൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന KMCCയുടെ കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം പുതുതലമുറയിലേക്ക് പകരാൻ ജിദ്ദ മലപ്പുറം ജില്ലാ KMCC സ്റ്റുഡന്റ്സ് വിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ജിദ്ദയിലെ വിദ്യാർത്ഥികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം എത്തിക്കുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കാൻ സ്റ്റുഡന്റ്സ് വിംഗ് യോഗം തീരുമാനിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മലപ്പുറം ജില്ലാ KMCC ഓഫീസിൽ ചേർന്ന സ്റ്റുഡന്റ്സ് വിംഗ് സംഗമം ജില്ലാ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ്സ് വിംഗ് പ്രസിഡന്റ് അസീം നൗഷാദ് അധ്യക്ഷത വഹിച്ചു.

സമൂഹത്തിന്റെ സംസ്കാരവും പൈതൃകവും ഉയർത്തിപ്പിടിക്കുന്നതാകണം സംഘടനയുടെ ഓരോ പ്രവർത്തനവുമെന്ന് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി നാണി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. KMCC കേവലം ഒരു സംഘടനയല്ലെന്നും കാരുണ്യത്തിന്റെയും സേവനത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. പഠനം മാർക്ക് നേടാനുള്ള ഉപാധി മാത്രമല്ല, നല്ല മനുഷ്യരായി വളരാനുള്ള വഴികൂടിയാണെന്ന് വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

ജിദ്ദയിലെ മലയാളി വിദ്യാർത്ഥികൾ ഭാവിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുമ്പോഴും മറ്റുള്ളവർക്ക് താങ്ങും തണലുമായി മാറാൻ കഴിയണമെന്നും അതാണ് പുതുതലമുറയിലൂടെ KMCC പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയുടെ ചരിത്രം അടുത്തറിയുക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരുക തുടങ്ങിയ സന്ദേശങ്ങളും അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി.

വനിതാ വിംഗ് ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത്, സെക്രട്ടറി സൻഹ ബഷീർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനും സ്റ്റുഡന്റ്സ് വിംഗിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.

സ്റ്റുഡന്റ്സ് വിംഗ് ജനറൽ സെക്രട്ടറി മുഹമ്മദ് റഹീസ് പുലിക്കപ്പറമ്പിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് മിഷാൽ നന്ദിയും പറഞ്ഞു. ഹാഷിദ് റിദാൻ ടി.കെ., ഷസാ ഫാത്വിമ, ഫാത്വിമ റിൻഷ സി.പി., സൽഫ റോഷ്നി, നൗറിൻ തുവ്വൂർ, മുഹമ്മദ് ഷെസിൻ, ഷാസിയ, മുഹമ്മദ് ഇഷാൻ തുടങ്ങിയവർ സംസാരിച്ചു. കമ്മിറ്റിയിലെ ഒഴിവുകളും യോഗത്തിൽ നികത്തി.

ജിദ്ദയിലെ വിദ്യാർത്ഥികൾക്കിടയിൽ KMCCയുടെ ജീവകാരുണ്യ സന്ദേശം വ്യാപിപ്പിക്കുന്നതിനും കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കുന്നതിനുമായി വിപുലമായ കിഡ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

പുതുതലമുറയിൽ സേവനമനോഭാവവും സാമൂഹിക ഉത്തരവാദിത്വവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തോടെയാണ് യോഗം സമാപിച്ചത്.