ജിദ്ദ വിമാനത്താവളം: ടെർമിനൽ 4-ലേക്ക് വിമാന സർവീസുകളുടെ മാറ്റം പൂർത്തിയായി

ജിദ്ദ: ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 4-ലേക്കുള്ള വിമാന സർവീസുകളുടെ മാറ്റം പൂർത്തിയായി. വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെയും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായി നോർത്ത് ടെർമിനലിൽനിന്നുള്ള എല്ലാ വിമാന സർവീസുകളും ടെർമിനൽ 4-ലേക്കും ഹജ്ജ്, ഉംറ ടെർമിനൽ സമുച്ചയത്തിലേക്കും മാറ്റിയതായി ജിദ്ദ എയർപോർട്ട്സ് കമ്പനി അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
സെപ്റ്റംബർ 27-ന് ഘട്ടംഘട്ടമായി പ്രവർത്തനം ആരംഭിച്ച ടെർമിനൽ 4-ലേക്ക് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സർവീസുകൾ നേരത്തേ മാറ്റിയിരുന്നു. നിശ്ചയിച്ച സമയക്രമമനുസരിച്ചാണ് വിമാന സർവീസുകളുടെ പുനഃക്രമീകരണം പൂർത്തിയാക്കിയത്.
വിമാനത്താവളത്തിലെ വിവിധ ടെർമിനലുകൾക്കിടയിൽ സർവീസുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി നോർത്ത് ടെർമിനലിൽ പ്രവർത്തിച്ചിരുന്ന വിദേശ വിമാനക്കമ്പനികളുടെയും ടെർമിനൽ 1, ഹജ്ജ്-ഉംറ ടെർമിനൽ സമുച്ചയം എന്നിവിടങ്ങളിൽനിന്ന് സർവീസ് നടത്തിയിരുന്ന ചില വിമാനക്കമ്പനികളുടെയും പ്രവർത്തനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിലൂടെ വിമാനത്താവളത്തിന്റെ പ്രവർത്തനശേഷി വർധിപ്പിക്കാനും യാത്രക്കാർക്ക് കൂടുതൽ സുഗമമായ സേവനങ്ങൾ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.
97,000 ചതുരശ്ര മീറ്റർ വിസ്തീർണം; 1.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാം
97,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സജ്ജീകരിച്ചിരിക്കുന്ന ടെർമിനൽ 4-ന് പ്രതിവർഷം ഒന്നരക്കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ആധുനിക സാങ്കേതികവിദ്യകളും മെച്ചപ്പെട്ട പ്രവർത്തന സംവിധാനങ്ങളും ഉൾപ്പെടുത്തിയ ടെർമിനലിൽ ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സൗദി അറേബ്യയുടെ വ്യോമയാന മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര യാത്രാ കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ടെർമിനൽ വികസനം. ദേശീയ വ്യോമയാന തന്ത്രത്തിന്റെയും വിഷൻ 2030-ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ പുറപ്പെടൽ ടെർമിനൽ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ഉറപ്പുവരുത്തണമെന്ന് ജിദ്ദ എയർപോർട്ട്സ് കമ്പനി യാത്രക്കാരോട് നിർദേശിച്ചു. ടെർമിനലുകളിലെ മാറ്റം ശ്രദ്ധിക്കാതെ യാത്ര തിരിക്കുന്നത് ഒഴിവാക്കാൻ യാത്രക്കാർ മുൻകൂട്ടി വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.






