‘ആദർശവീഥിയിലെ പെൺകരുത്ത്’; MGM സൗദി ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിന് ദമ്മാമിൽ തുടക്കം

സ്ത്രീശാക്തീകരണവും സാമൂഹിക മുന്നേറ്റവും ലക്ഷ്യം; ക്യാമ്പയിൻ നവംബർ 15 വരെ
ദമ്മാം: ഇസ്ലാമിക മൂല്യങ്ങളിൽ അടിയുറച്ച് വിജ്ഞാനവും സാമൂഹിക ഉത്തരവാദിത്വവും കൈമുതലാക്കി മുന്നേറുന്ന സ്ത്രീസമൂഹത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എം ജി എം സൗദി ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിന് ദമ്മാമിൽ തുടക്കമായി. കെ എൻ എം മർക്കസുദ്ദഅ്വയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം ജി എമ്മാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
‘ആദർശവീഥിയിലെ പെൺകരുത്ത്’ എന്ന പ്രമേയത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 15 വരെയാണ് സൗദിയിലെ വിവിധ പ്രവിശ്യകളിലായി മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നത്.
വ്യക്തിഗത വളർച്ചയ്ക്കപ്പുറം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയിൽ നിർണായക പങ്കുവഹിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇസ്ലാമിക ആദർശങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമായി അറിവും ബോധ്യവും സാമൂഹിക പ്രതിബദ്ധതയും ഉൾക്കൊള്ളുന്ന വനിതാസമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ക്യാമ്പയിൻ ഊന്നൽ നൽകുന്നു.
സൗദിയുടെ വിവിധ പ്രവിശ്യകളിലും ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്.
എം ജി എം ദമ്മാം ചാപ്റ്റർ പ്രസിഡന്റ് സൈനബ ടീച്ചർ മൈസയ്ക്ക് മെമ്പർഷിപ്പ് നൽകി സൗദിതല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ പ്രമേയവും ലക്ഷ്യങ്ങളും വിശദീകരിച്ച് ഇഖ്ബാൽ സുല്ലമി സംസാരിച്ചു.
ഷാഹിദ ടീച്ചർ, നിലൂഫർ അൻസാർ, സഫൂറ നൗഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.






