സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് മുൻഗണന; ജിദ്ദയിൽ ബോധവൽക്കരണ സെമിനാർ

ജിദ്ദ: ആരോഗ്യമുള്ള കുടുംബങ്ങളാണ് ആരോഗ്യകരവും കരുത്തുറ്റതുമായ സമൂഹത്തിന്റെ അടിത്തറയെന്ന് ഓർമിപ്പിച്ച് ജിദ്ദയിൽ ആരോഗ്യബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബത്തിന്റെയും ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് എംപവറിങ് വിമൻസ് അലയൻസ് (EWA) ജിദ്ദ കേരള പൗരാവലിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

കുടുംബങ്ങളിലെ ആരോഗ്യപ്രശ്നങ്ങൾ വ്യക്തികളുടെ ജീവിതത്തെ മാത്രമല്ല, കുടുംബത്തിന്റെ മാനസികക്ഷേമത്തെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്നതായി സെമിനാറിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ആരോഗ്യത്തെക്കുറിച്ചുള്ള ശരിയായ അറിവിന്റെ അഭാവവും ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിലുള്ള വിമുഖതയും പലരെയും ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിനും കൃത്യസമയത്ത് ചികിത്സ തേടുന്നതിനും സമൂഹത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ശിശുരോഗവിദഗ്ധ ഡോ. മുഫീദ ആലുങ്ങലും ഗൈനക്കോളജിസ്റ്റ് ഡോ. ഹസീന ബീഗവും ക്ലാസുകൾ നയിച്ചു. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തെ നേരിട്ട് സ്വാധീനിക്കുന്നതാണെന്നും ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സമയബന്ധിതമായി ചികിത്സ തേടേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ വിശദീകരിച്ചു.
വിവാഹത്തിന് ഒരുങ്ങുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഗർഭാശയമുഖ ക്യാൻസറിനെതിരായ എച്ച്.പി.വി. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർമാർ വിശദീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്കും മറുപടി നൽകി.
ജ്യോതി ബാബുകുമാർ ആശംസകൾ നേർന്നു. നീമ, മൗഷുമി ശരീഫ്, അഫ്ര സബീൻ റാഫി, സുവിജ സത്യൻ, റജിയ വീരാൻ, ഹസീന റഷീദ് എന്നിവർ പരിപാടിയുടെ ഭാഗമായി സംസാരിച്ചു.
സിമി അബ്ദുൽ ഖാദർ അവതാരകയായും സോഫിയ സുനിൽ മോഡറേറ്ററായും പ്രവർത്തിച്ചു. ഷെറീന റഷീദ് സ്വാഗതവും സബീന റാഫി നന്ദിയും പറഞ്ഞു.
സ്ത്രീകളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സെമിനാറിൽ ചർച്ചയായി. പരിപാടിയിലൂടെ ലഭിക്കുന്ന അറിവുകൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരണമെന്നും ഡോക്ടർമാർ ഓർമിപ്പിച്ചു.
ജിദ്ദയിലെ പ്രവാസി സമൂഹത്തിൽ ആരോഗ്യബോധം വർധിപ്പിക്കുന്നതിനും സ്ത്രീകളുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ ഉറപ്പാക്കുന്നതിനും ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകരിൽ ഒരാളായ ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അഖിൽ റഹ്മാൻ അറിയിച്ചു.






