റിയാദിനും ഖമീസ് മുഷൈത്തിനും നേരെ മിസൈൽ ആക്രമണശ്രമം; മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തകർത്തു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനും ഖമീസ് മുഷൈത്തിനും നേരെ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തു. യമനിലെ ഹൂതി വിമതർ വിക്ഷേപിച്ച മിസൈലുകളാണ് തകർത്തതെന്ന് യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

റിയാദിന് നേരെ ഒരു മിസൈലും ഖമീസ് മുഷൈത്തിന് നേരെ രണ്ട് മിസൈലുകളുമാണ് വിക്ഷേപിച്ചത്. ഇവ മൂന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പ്രതിരോധസേന തടയുകയായിരുന്നു.

മിസൈൽ ഭീഷണിയെ തുടർന്ന് റിയാദിലും ഖമീസ് മുഷൈത്ത് മേഖലയിലും ദേശീയ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ് നേരത്തേ ജാഗ്രതാ നിർദേശം നൽകിയിരുന്നു.
മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. തുറസ്സായ സ്ഥലങ്ങളിലും ജനൽച്ചില്ലുകൾക്ക് സമീപവും നിൽക്കരുത്. ബാൽക്കണികളിലും കെട്ടിടങ്ങളുടെ മേൽക്കൂരകളിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു.