32 വർഷത്തെ പ്രവാസജീവിതത്തിന് വിരാമം; അബ്ദുൽ ഗഫൂർ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റിയുടെ യാത്രയയപ്പ്

ജിദ്ദ: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അൽ-അൻവാർ ജസ്റ്റിസ് വെൽഫെയർ അസോസിയേഷൻ (അജ്വ) ജിദ്ദ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യവുമായ അബ്ദുൽ ഗഫൂർ വണ്ടൂരിന് അജ്വ ജിദ്ദ കമ്മിറ്റി പ്രവർത്തകർ യാത്രയയപ്പ് നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
കഴിഞ്ഞ ആറു വർഷത്തോളമായി ജിദ്ദ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം സംഘടനയുടെ മാസാന്ത സംഗമങ്ങളിലും വിവിധ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. സംഘടനയ്ക്കും കൂട്ടായ്മയ്ക്കും നൽകിയ സേവനങ്ങളും പ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തവും ചടങ്ങിൽ അനുസ്മരിച്ചു.
അജ്വ ജിദ്ദ കമ്മിറ്റി സെക്രട്ടറി നൗഷാദ് ഓച്ചിറ സംഘടനയുടെ മൊമെന്റോ നൽകി അബ്ദുൽ ഗഫൂർ വണ്ടൂരിനെ ആദരിച്ചു.
പ്രവാസജീവിതത്തിനിടെ അജ്വ എന്ന കൂട്ടായ്മയിൽനിന്ന് ലഭിച്ച പിന്തുണയും അംഗീകാരവും സൗഹൃദബന്ധങ്ങളും ആത്മീയ അനുഭൂതികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണെന്ന് മറുപടി പ്രസംഗത്തിൽ അബ്ദുൽ ഗഫൂർ വണ്ടൂർ പറഞ്ഞു.
ചടങ്ങിൽ കൊല്ലം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമീർ അമാനി ബാഖവി, സയ്യിദ് സിഗ്ബത്തുള്ളാഹ് തങ്ങൾ ലക്ഷദ്വീപ്, അജ്വ ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നസീറുദ്ദീൻ ഫൈസി പൂഴനാട്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ, ജിദ്ദ കമ്മിറ്റി രക്ഷാധികാരി സെയ്ദ് മുഹമ്മദ് കാശിഫി, ഉപദേശക സമിതി അംഗം ശറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ജിദ്ദ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ നിസാർ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, ജോയിന്റ് സെക്രട്ടറിമാരായ ഇർഷാദ് ആറാട്ടുപുഴ, അബ്ദുൽ ഖാദർ തിരുനാവായ, അബ്ദുൽ ലത്ത്വീഫ് കറ്റാനം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.






