റിയാദിൽ നിറഞ്ഞ ജനപങ്കാളിത്തം; ഫോർക്കാ മെഗാ മേളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം

ഇരുപതാം വാർഷികാഘോഷം ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു

റിയാദ്: കലയും സംഗീതവും സൗഹൃദവും ഒത്തുചേർന്ന ആഘോഷവേദിയായി ഫോർക്കായുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ മേള. ഫെഡറേഷൻ ഓഫ് റീജിയണൽ കേരള അസോസിയേഷൻസ് (ഫോർക്കാ) സംഘടിപ്പിച്ച ‘ഫോർക്കാ–അൽ വഫ മെഗാ മേള 2026’ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഷോല മാളിലെ ഹൈപ്പർ അൽ വഫയിൽ നടന്ന പരിപാടിയിൽ വിവിധ പ്രാദേശിക സംഘടനകളിലെ പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഫോർക്കാ ചെയർമാൻ റഹ്മാൻ മുനമ്പത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദിലെ കേരളീയ പ്രാദേശിക സംഘടനകളെ ഏകോപിപ്പിച്ച് സാമൂഹിക സേവനരംഗത്ത് ഫോർക്കാ നടത്തുന്ന പ്രവർത്തനങ്ങൾ അനുസ്മരിച്ചു. അംഗസംഘടനകളുടെ പ്രതിനിധികളുമായി സംവദിച്ച അംബാസഡർ വിവിധ കലാപരിപാടികളും ആസ്വദിച്ചു.

ഫോർക്കായുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച സ്ഥാപക നേതാക്കളായ നാസർ കാരന്തൂർ, ഉമ്മർ മുക്കം, സെയിഫ് കായംകുളം, അലി ആലുവ, അബ്ദുള്ള വല്ലാഞ്ചിറ എന്നിവരെ അംബാസഡർ ആദരിച്ചു. മേളയുടെ ടൈറ്റിൽ സ്പോൺസറും പ്രോഗ്രാം പങ്കാളിയുമായ ഷോല മാൾ–ഹൈപ്പർ അൽ വഫയ്ക്കുള്ള ഉപഹാരം നാസർ നെസ്റ്റോ അംബാസഡറിൽനിന്ന് ഏറ്റുവാങ്ങി.

റിയാദിൽ രണ്ട് പതിറ്റാണ്ടിലേറെയായി സാമൂഹിക സേവനരംഗത്ത് സജീവമായ വിവിധ അംഗസംഘടനകളിലെ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ആരീഫ് വൈശ്യം വീട്ടിൽ, കബീർ മജീദ്, അലി വാരിയത്ത്, ഹാഷിക് വലപ്പാട്, അസ്ലം പാലത്ത്, ഗഫൂർ കൊയിലാണ്ടി, ഷാജി മഠത്തിൽ, അഷ്റഫ് മുണ്ടയിൽ, യൂസഫ് പി.പി., അബ്ദുൽസലാം, അലക്സാണ്ടർ തങ്കച്ചൻ, മജീദ് മൈത്രി, ഗോപിനാഥ്, അറബ്‌കോ രാമചന്ദ്രൻ, സിദ്ധിക് തുവ്വൂർ, ജാഫർ കിളിയാനി, റഫീഖ് കൊച്ചിൻ എന്നിവർ ആദരം ഏറ്റുവാങ്ങി.

ഫോർക്കാ രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, അറബ്‌കോ രാമചന്ദ്രൻ, ഭാരവാഹികളായ ജയൻ കൊടുങ്ങല്ലൂർ, മുഹമ്മദ് ഖാൻ, ഗഫൂർ കൊയിലാണ്ടി, എൻആർകെ ഫോറം ചെയർമാൻ സി.പി. മുസ്തഫ, ഇന്ത്യൻ മീഡിയ ഫോറം രക്ഷാധികാരി ഷംനാദ് കരുനാഗപ്പള്ളി, അൽ വഫ മാനേജർ ഫഹദ്, മൈമൂന ടീച്ചർ, ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ഉമ്മർ മുക്കം സ്വാഗതവും ട്രഷറർ ജിബിൻ സമദ് നന്ദിയും പറഞ്ഞു.

സംഗീതവും നൃത്തവും ആഘോഷത്തിന് നിറപ്പകിട്ടേകി

പ്രോഗ്രാം കൺവീനർമാരായ കരീം കാനാമ്പുറത്തിന്റെയും വിനോദ് കൃഷ്ണയുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. സലീം കോടത്തൂർ, ഷെയ്ഖ അബ്ദുല്ല, സജീർ പട്ടുറുമാൽ, ഖത്തറിൽനിന്നെത്തിയ ഹിബ, ബദറുദ്ധീൻ ചാവക്കാട് എന്നിവരുടെ സംഗീതാവതരണങ്ങൾ കാണികൾക്ക് ആവേശമായി. റിയാദിലെ കലാകാരന്മാരും വിവിധ നൃത്തവിദ്യാലയങ്ങളിലെ വിദ്യാർഥികളും അവതരിപ്പിച്ച പരിപാടികളും ശ്രദ്ധേയമായി.

ഫുഡ് ഫെസ്റ്റ് കൺവീനർ അലക്‌സ് കൊട്ടാരക്കരയുടെ നേതൃത്വത്തിൽ നടന്ന മെഗാ ഫുഡ് ഫെസ്റ്റ് മത്സരവും മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഹാഷിഖ് വലപ്പാടിന്റെയും സൈഫുറഹ്മാൻ കൊടുങ്ങല്ലൂരിന്റെയും നേതൃത്വത്തിൽ കളറിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങളും സംഘടിപ്പിച്ചു.

വോളന്റിയർ ക്യാപ്റ്റൻ അഖിനാസ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ ഫോർക്കാ ടീമംഗങ്ങളായ സെയ്ദ് ജാഫർ തങ്ങൾ, ഫെർമിസ്, മനാഫ്, ഷാഹിർ, ഷിബു ഉസ്മാൻ, സലാം, നിസാർ പള്ളിക്കശേരി, മജീദ് മൈത്രി, നവാസ് നന്മ എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു.

റിയാദിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സംഘടനാ പ്രവർത്തനങ്ങളുടെ കരുത്തും വിളിച്ചോതുന്നതായി ഫോർക്കായുടെ ഇരുപതാം വാർഷികാഘോഷവും മെഗാ മേളയും.