പ്രവാചകചരിത്ര മ്യൂസിയത്തിൽ സൗദി രാജാവിന്റെ ഉംറ അതിഥികൾ

മദീന: സൽമാൻ രാജാവിന്റെ ഉംറ, സന്ദർശക അതിഥി പദ്ധതിയുടെ ഭാഗമായി സൗദിയിലെത്തിയ തീർഥാടകർ മദീനയിലെ പ്രവാചക ജീവചരിത്ര, ഇസ്‌ലാമിക നാഗരികതാ അന്താരാഷ്ട്ര പ്രദർശനവും മ്യൂസിയവും സന്ദർശിച്ചു. പദ്ധതിയുടെ നാലാമത്തെയും അവസാനത്തെയും സംഘത്തിലെ അംഗങ്ങളാണ് ഇസ്‌ലാമിക ചരിത്രവും പൈതൃകവും അടുത്തറിയാൻ മ്യൂസിയത്തിലെത്തിയത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പ്രവാചകന്മാരുടെ ജീവിതവും മഹത്തായ ഗുണങ്ങളും മുഹമ്മദ് നബി(സ)യുടെ ജീവചരിത്രവും വ്യക്തിത്വവും പരിചയപ്പെടുത്തുന്ന വിവിധ വിഭാഗങ്ങൾ സംഘം സന്ദർശിച്ചു. മക്ക, മദീന നഗരങ്ങളുടെ ചരിത്രപരമായ മാതൃകകളും ഇസ്‌ലാമിക നാഗരികതയുടെ വളർച്ചയും സഹിഷ്ണുതയുടെ സന്ദേശവും വിശദീകരിക്കുന്ന പ്രദർശനങ്ങളും തീർഥാടകർ കണ്ടു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ സംവേദനാത്മക പനോരമിക് ദൃശ്യങ്ങൾ, ത്രിമാന സ്‌ക്രീനുകൾ, സിനിമാ ഹാളുകൾ എന്നിവ സന്ദർശനത്തിന് കൂടുതൽ മികവേകി.

ഇസ്‌ലാമിക കാര്യ, പ്രബോധന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ നാലാമത്തെ സംഘത്തിൽ 21 രാജ്യങ്ങളിൽ നിന്നുള്ള 250 പേരാണുള്ളത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ്,  എന്നിവിടങ്ങളിൽ നിന്നുള്ളവർ സംഘത്തിലുണ്ട്.

മദീനയിലെത്തിയപ്പോൾ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിലും തുടർച്ചയായ പരിചരണത്തിലും തീർഥാടകർ സന്തോഷം പ്രകടിപ്പിച്ചു. അതിഥികളുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും വിശുദ്ധ കേന്ദ്രങ്ങളുടെ സംരക്ഷണത്തിനുമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അവർ നന്ദി അറിയിച്ചു.

2026-ലെ 1448 ഹിജ്‌റ വർഷത്തെ പദ്ധതിയുടെ ഭാഗമായി ആകെ 65 രാജ്യങ്ങളിൽ നിന്നുള്ള 1,000 പേരെയാണ് സൗദി അറേബ്യ സ്വീകരിച്ചത്. രാജാവിന്റെ വ്യക്തിഗത ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ തീർഥാടകർക്ക് മദീനയിലെ പ്രവാചക പള്ളി ഉൾപ്പെടെയുള്ള ഇസ്‌ലാമിക, ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങൾ സന്ദർശിക്കാനും തുടർന്ന് മക്കയിലെത്തി ഉംറ നിർവഹിക്കാനും അവസരം ലഭിച്ചു.