റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം: അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണം നല്ല കാര്യമല്ലെന്നും സംഭവത്തിൽ തനിക്ക് സന്തോഷമില്ലെന്നും ട്രംപ് പ്രതികരിച്ചു.

സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തോടുള്ള നിലപാട് എന്താണെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.

“ഇത് നല്ല കാര്യമല്ല, ഒട്ടും നല്ലതല്ല. ഇതിൽ ഞാൻ സന്തുഷ്ടനല്ല” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

ട്രംപിന്റെ പ്രതികരണം ഉൾപ്പെട്ട വീഡിയോ ദൃശ്യം മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വാർത്തയായത്. അറബ്, അന്താരാഷ്ട്ര വാർത്താ ഏജൻസികളും വിവിധ മാധ്യമ പ്ലാറ്റ്‌ഫോമുകളും അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തു.