റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: സൗദിയ പൈലറ്റ് കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിൽ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.

വ്യാഴാഴ്ചയാണ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. ആദ്യ ആക്രമണം വിമാനത്താവളത്തിലെ സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തെ ആക്രമണം സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയയുടെ വിമാനത്തെയാണ് ലക്ഷ്യമിട്ടത്.

സൗദിയ പൈലറ്റ് കൊല്ലപ്പെട്ടു

ആക്രമണത്തിൽ തങ്ങളുടെ പൈലറ്റായ ക്യാപ്റ്റൻ ഹമൂദ് അലി അൽ ഖൽത്താമി കൊല്ലപ്പെട്ടതായി സൗദിയ പ്രസ്താവനയിൽ അറിയിച്ചു. പൈലറ്റിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും കമ്പനി അനുശോചനം രേഖപ്പെടുത്തി. ദേശീയ വിമാനക്കമ്പനിയിൽ അദ്ദേഹം നൽകിയ സേവനങ്ങളെയും സഹപ്രവർത്തകരിൽ അവശേഷിപ്പിച്ച ഓർമകളെയും സൗദിയ ആദരവോടെ അനുസ്മരിച്ചു.

ആക്രമണത്തിൽ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന സൗദിയയുടെ ഒരു വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവസമയത്ത് വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

ആക്രമണങ്ങളിൽ നിരവധി സ്വദേശികൾക്കും വിദേശികൾക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ അടിയന്തരമായി ആശുപത്രികളിലേക്ക് മാറ്റി ആവശ്യമായ ചികിത്സ ലഭ്യമാക്കി.

ആക്രമണം നടന്നയുടൻ അടിയന്തര പ്രതികരണ സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും നടപടികൾ സ്വീകരിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുകയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അതോറിറ്റി വ്യക്തമാക്കി.

അതേസമയം, ഒക്ടോബർ എട്ട് വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ റിയാദ് വിമാനത്താവളത്തിലെ സൗദിയയുടെ വിമാന സർവീസുകളും പ്രവർത്തനങ്ങളും സാധാരണ നിലയിലായതായി കമ്പനി അറിയിച്ചു. വിമാനങ്ങളുടെ സമയക്രമം നിരീക്ഷിക്കുന്നതും യാത്രക്കാർക്ക് ഔദ്യോഗിക മാർഗങ്ങളിലൂടെ വിവരങ്ങൾ കൈമാറുന്നതും തുടരുകയാണെന്നും സൗദിയ വ്യക്തമാക്കി.