ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

ജിദ്ദ: സൗദി അറേബ്യയിലെ ജിസാൻ, നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാത്രി നടന്ന ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പരിക്കേറ്റവർക്ക് നേരിയ പരിക്കുകളാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ആക്രമണത്തിൽ വിമാനത്താവളങ്ങളിലെ കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും നാശനഷ്ടമുണ്ടായി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
ജിസാനിലെ കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവും നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് അടിയന്തര രക്ഷാസംഘങ്ങളും സുരക്ഷാ വിഭാഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിച്ചതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
പരിക്കേറ്റ മൂന്ന് പേരെയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി നിർണയിക്കുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ച് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെയും വിമാനത്താവളങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും തുടരുകയാണ്.






