അൽ ഹുദാ മദ്റസ, ജിദ്ദ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
മദ്റസാ പ്രിൻസിപ്പാൾ ലിയാഖത്ത് അലി ഖാൻ ദേശീയ ദിനാശംസകൾ നേർന്ന് സംസാരിച്ചു. ഇന്ത്യക്കാരാണെങ്കിലും നമ്മിൽ ഭൂരിഭാഗം പേരും ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് സൗദി അറേബ്യയിലാണ്. ഇന്ത്യ നമുക്ക് പെറ്റമ്മയാണെങ്കിൽ സൗദി അറേബ്യ നമ്മുടെ പോറ്റമ്മയാണ്. നമ്മെ പോറ്റിവളർത്തുന്ന ഈ രാജ്യത്തോടും ഇവിടുത്തെ ഭരണാധികാരികളോടും നന്ദിയും കൂറും പുലർത്തേണ്ടത് ഓരോരുത്തരുടെയും കടമയും ബാധ്യതയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രവാസികളായ നമ്മെ ചേർത്തുപിടിക്കുകയും ഉപജീവനമൊരുക്കുകയും ചെയ്ത ഈ രാജ്യത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി നാം സദാ പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ സമാധാനവും സമൃദ്ധിയും എന്നും നിലനിൽക്കട്ടെയെന്നും രാജ്യത്തിനും ഭരണാധികാരികൾക്കും ജനങ്ങൾക്കും കൂടുതൽ സന്തോഷവും സമാധാനവും വിജയങ്ങളും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മദ്റസാ വിദ്യാർഥികൾ ആലപിച്ച സൗദി ദേശീയ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഐദ അന, ഐസ മെഹക്, ശസ നഹ്റിൻ, ഇഫ്ര, ഇനാറ, ഫാദി ഫിറോസ്, മിസ്ഹബ് അബ്ദുല്ല എന്നിവർ ദേശീയ ദിന സന്ദേശങ്ങൾ നല്കുന്ന പ്രഭാഷണങ്ങൾ അവതരിപ്പിച്ചു. ആക്കിഫ് അർഷാദ് മലയാള ഗാനം ആലപിച്ചു.
മദ്റസാ അധ്യാപകരും മാനേജ്മെന്റ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.






