ഈ വർഷത്തെ ‘റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേള’, ആറാം പതിപ്പ് മാറ്റിവെച്ചു

♠ അബു സഫ
ജിദ്ദ: ജിദ്ദയിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്നുവന്നിരുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം പതിപ്പ് ഇത്തവണ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു. പതിപ്പിനായുള്ള അക്രഡിറ്റേഷനായി അപേക്ഷിച്ചവർക്ക് നന്ദി അറിയിച്ചതിനൊപ്പം മേള മാറ്റിവെച്ചതായി മേളയെ സംബന്ധിച്ച ഒരു പ്രധാന അറിയിപ്പ് പങ്കുവെച്ചുകൊണ്ട് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
അടുത്ത പതിപ്പ് നടത്തുന്നതിനുള്ള സമയക്രമവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും, ഇത്രയും വലിയ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നതിനാവശ്യമായ ലോജിസ്റ്റിക് ക്രമീകരണങ്ങളും ഉൾപ്പെടെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് 2026 ഡിസംബർ 3 മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചിരുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം പതിപ്പ് മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2027-നാലാം പാദത്തിൽ മേള വീണ്ടും നടക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തീയതികൾ റെഡ് സീ ഫിലിം ഫൗണ്ടേഷന്റെ ഔദ്യോഗിക ചാനലുകളിലൂടെ പിന്നീട് പ്രഖ്യാപിക്കും.
അതേസമയം 2026 പതിപ്പിനായുള്ള അക്രഡിറ്റേഷൻ അപേക്ഷകളുടെ നടപടികൾ ഇനി മുന്നോട്ട് പോകുന്നതല്ല. അപേക്ഷയുടെ ഭാഗമായി അക്രഡിറ്റേഷൻ ഫീസ് അടച്ചിവർക്ക് ആ തുക തിരികെ ലഭിക്കുന്നതിന് അർഹതയുണ്ട്. റീഫണ്ട് അപേക്ഷ സമർപ്പിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ തുക തിരികെ നൽകും. റീഫണ്ട് നടപടിക്രമവും അപേക്ഷകർ സ്വീകരിക്കേണ്ട തുടർനടപടികളും സംബന്ധിച്ച വിശദമായ വിവരങ്ങൾ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അക്രഡിറ്റേഷൻ ടീം ഉടൻ അപേക്ഷകരെ അറിയിക്കും.
റെഡ് സീ ഫിലിം ഫൗണ്ടേഷന്റെ വർഷം മുഴുവൻ തുടരുന്ന പ്രവർത്തനങ്ങൾ റെഡ് സീ ഫണ്ട്, റെഡ് സീ ലാബ്സ്, മറ്റ് വിവിധ പരിപാടികളും പദ്ധതികളും മുഖേന തുടരും. കൂടാതെ, ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ കൾച്ചർ സ്ക്വയറിൽ 2026 നവംബർ മുതൽ വിവിധ പരിപാടികളും സംഘടിപ്പിക്കും.






