പ്രവാസികളെ ചേർത്ത് പിടിക്കാൻ പുതിയ പദ്ധതികൾ കൊണ്ട് വരും: കുഞ്ഞിമോൻ കാക്കിയ

മക്ക: സൗദിയിലെ പ്രവാസികൾക്കായി നിക്ഷേപ പദ്ധതികൾ അടക്കം നിരവധി പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞു മോൻ കാക്കിയ പറഞ്ഞു. മക്ക അവാലി കെഎംസിസി സംഘടിപ്പിച്ച സൗദി കെഎംസിസി സെക്യൂരിറ്റി സ്കീം പ്രചാരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
13 വർഷം മുമ്പ് തുടങ്ങിയ സൗദി കെഎംസിസി സെക്യൂരിറ്റി സ്കീമിൽ അംഗങ്ങളായിയിരിക്കെ മരണപ്പെട്ട എണ്ണൂറിൽ പരം പ്രവാസി കുടുംബങ്ങൾക്കായി മരണാനന്തര സഹായമായി 100 കോടി രൂപയിലധികം സഹായം നൽകികഴിഞ്ഞു. അഞ്ഞൂറിൽപരം എക്സ് പ്രവാസികൾക്ക് മാസം തോറും 2000 രൂപ പെൻഷനായി നൽകുന്നുണ്ടെന്നും രോഗികളാവുന്ന സുരക്ഷാ സ്കീം അംഗങ്ങൾക്ക് ഓരോ ആഴ്ചയിലും ലക്ഷക്കണക്കിന് രൂപ സഹായധനമായി അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായി സഹകരിച്ച് മെഡി കെയർ പദ്ധതി ആരംഭിച്ചതായും ഈ പദ്ധതിയിലൂടെ കെഎംസിസി സുരക്ഷ പദ്ധതിയിൽ അംഗങ്ങളായവർക്ക് പ്രത്യേക ഡിസ്‌കൗണ്ട് ലഭിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പട്ടണത്തിൽ സൗദി കെഎംസിസിക്ക് മനോഹരമായ ഓഫീസ് കെട്ടിടം പണിയുമെന്നും പ്രവാസികൾക്ക് നിക്ഷേപ പദ്ധതികൾ അടക്കം പരിഗണയിൽ ഉണ്ടെന്നും സൗദിയിലെ മുഴുവൻ പ്രവാസികളെയും സുരക്ഷ പദ്ധതിയിൽ ചേർക്കാൻ പ്രവർത്തകർ പ്രവൃത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മക്ക അവാലി കെഎംസിസി പ്രസിഡന്റ് ഇസ്സുദ്ധീൻ ആലുക്കൽ അധ്യക്ഷത വഹിച്ചു. അവാലി കെഎംസിസി ഹജ്ജ് വണ്ടിയർമാർക്ക് ആദരവ് നൽകി. മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
സെൻട്രൽ കമ്മറ്റി നേതാക്കളായ നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, മുസ്തഫ മലയിൽ, ഹാരിസ് പെരുവള്ളൂർ, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, സിദ്ധിഖ് കൂട്ടിലങ്ങാടി, സമീർ ബദർ തുടങ്ങിയവരും സംസാരിച്ചു.
അവാലി കെഎംസിസി നേതാക്കളായ ഉമ്മർ മണ്ണാർക്കാട്, ഇബ്രാഹീം പാണാളി, ഇബ്രാഹീം വയനാട്, ഷുക്കൂർ താനൂർ, ഷഹീർ അബ്ബാസ് തുടങ്ങിയവർ നേതൃത്വം നൽകി. അവാലി കെഎംസിസി ജനറൽ സെക്രട്ടറി ഉസ്മാൻ നാലകത്ത് സ്വാഗതവും ട്രഷറർ താജുദ്ധീൻ കുട്ടത്തി നന്ദിയും പറഞ്ഞു.






