കലാരംഗത്തെ സജീവ സാന്നിധ്യത്തിന് യാത്ര അയപ്പ്; ജോർജ് വർഗീസിന് പി.ജെ.എസിന്റെ ആദരം

ജിദ്ദ: 32 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) അഡ്വൈസറി കമ്മിറ്റി അംഗവും പ്രമുഖ നാടക കലാകാരനുമായ ജോർജ് വർഗീസിന് പി.ജെ.എസിന്റെ നേതൃത്വത്തിൽ ഹൃദയപൂർവമായ യാത്രയയപ്പ് നൽകി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഒന്നര പതിറ്റാണ്ടിലേറെ പി.ജെ.എസിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ച ജോർജ് വർഗീസ്, ജിദ്ദയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയ അദ്ദേഹം നാടക സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി.

ജിദ്ദയിലെ കലാസ്വാദകരുടെ മനസ്സിൽ വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇടം നേടിയ കലാകാരനാണ് ജോർജ് വർഗീസെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. പി.ജെ.എസിന് പുറമെ വിവിധ സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളുടെയും പൊതുപ്രവർത്തനങ്ങളുടെയും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ മടക്കയാത്ര പ്രവാസി സമൂഹത്തിനും സംഘടനയ്ക്കും വലിയ നഷ്ടമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പി.ജെ.എസ് പ്രസിഡന്റ് മാത്യു തോമസ്, രക്ഷാധികാരി അയൂബ്ഖാൻ പന്തളം, ജനറൽ സെക്രട്ടറി മനു പ്രസാദ്, ട്രഷറർ ദിലീഫ് ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ അനിൽ കുമാർ, സിയാദ് അബ്ദുള്ള, ജോയിന്റ് സെക്രട്ടറി വിലാസ് അടൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ വർഗീസ് ഡാനിയൽ, അലി തേക്ക്തോട്, സജി ജോർജ്, മുനീർ, എബി ചെറിയാൻ, അബീഷ് ജോസഫ്, എൻ. ഐ. ജോസഫ്, ജയൻ നായർ, സന്തോഷ് ജീ നായർ, ജോസഫ് വർഗീസ്, ഷറഫ് പത്തനംതിട്ട, നവാസ് ചിറ്റാർ, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ജോർജ് വർഗീസിന് ആശംസകളും യാത്രാമംഗളങ്ങളും നേർന്നു.