മതേതര ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കണം: ജിദ്ദ കെഎംസിസി

ജിദ്ദ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി “പോരാടി നേടിയ സ്വാതന്ത്ര്യം” എന്ന വിഷയത്തിൽ ചർച്ചയും നടന്നു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ച പരിപാടി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം നസീർ ബാവ കുഞ്ഞു ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെ ചടങ്ങിൽ അനുസ്മരിച്ചു. അവരുടെ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പരിപാടിയിൽ അഭിപ്രായപ്പെട്ടു.
പ്രവാസലോകത്തായിരിക്കുമ്പോഴും ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും സംരക്ഷിക്കുന്നതിൽ പ്രവാസി സമൂഹത്തിന് നിർണായക പങ്കുണ്ടെന്ന് സംസാരിച്ചവർ പറഞ്ഞു. വൈവിധ്യങ്ങൾക്കിടയിലെ ഐക്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും രാജ്യത്തിന്റെ പുരോഗതിക്കും സമാധാനത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവ സംരക്ഷിക്കാനുള്ള പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.
നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, ലത്തീഫ് കളരാന്തിരി, ജലാൽ തേഞ്ഞിപ്പലം, എ.കെ. ബാവ, കെ.കെ. മുഹമ്മദ്, ഇബ്രാഹിം കൊല്ലി, സീതി കൊളക്കാടൻ, സുൽഫിക്കർ ഒതായി, സഹിൻ തച്ചമ്പാറ, ലത്തീഫ് വെള്ളമുണ്ട, റഊഫ് തിരൂരങ്ങാടി, കരീം പഠിക്കമണ്ണിൽ, നൗഫൽ ഉള്ളാടൻ, നാസറുദ്ദിൻ ആലപ്പുഴ, സ്വാലിഹ് മാസ്റ്റർ, സലീം മണ്ടേരി, മനാഫ് എറാടൻ, ജാഫർ വെന്നിയൂർ എന്നിവർ സംസാരിച്ചു.
അഷ്റഫ് പരപ്പനങ്ങാടി ദേശഭക്തിഗാനം ആലപിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.






