ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) നോർക്ക ഇൻഷുറൻസ് ബോധവൽക്കരണ പരിപാടി നടത്തി.

ജിദ്ദ: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി പ്രവാസികൾക്കായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ (NORKA Care) നെ കുറിച്ചുള്ള വിശദീകരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച സാഹചര്യത്തിലാണ് കൂടുതൽ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി പരിപാടി സംഘടിപ്പിച്ചത്.
യു.എം ഹുസ്സൈൻ മലപ്പുറം അധ്യക്ഷതയിൽ ഷറഫിയ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച പരിപാടി കെ എം സി സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നോർക്കയുടെ വിവിധ പദ്ധതികളെക്കുറിച്ചും ഇൻഷുറൻസ് ആനുകൂല്യങ്ങളെക്കുറിച്ചും കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി നാണി മാസ്റ്റർ വിശദമായി സംസാരിച്ചു. ലോകമെമ്പാടുമുള്ള കൂടുതൽ പ്രവാസികളെ ഈ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സമയപരിധി നീട്ടി നൽകിയ സാഹചര്യത്തിൽ മുഴുവൻ പ്രവാസികളും ഈ അവസരം വിനിയോഗിക്കണമെന്നും, പ്രവാസി സംഘടനകൾ ആ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നോർക്ക പ്രവാസി ഐഡി കാർഡുള്ള ജീവനക്കാർക്കും സ്റ്റുഡന്റ് വിസയിലുള്ള വിദ്യാർത്ഥികൾക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ അഞ്ചു ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ഹെൽത്ത് ഇൻഷുറൻസാണ് ലഭ്യമാകുന്നത്. 70 വയസ്സ് വരെയുള്ള പ്രവാസികൾക്കും അംഗങ്ങളാകാം. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നതും, മെഡിക്കൽ ടെസ്‌റ്റോ ഹെൽത്ത് ഡിക്ലറേഷനോ ആവശ്യമില്ല എന്നതും പദ്ധതിയുടെ വലിയൊരു പ്രത്യേകതയാണ്. കേരളത്തിലെ 668 എണ്ണം ഉൾപ്പെടെ ഇന്ത്യയിലൊട്ടാകെയുള്ള 24,000-ത്തിലധികം ആശുപത്രികളിൽ കാഷ്‌ലെസ് (Cashless) ചികിത്സാ സൗകര്യം ലഭ്യമാണ്.

നിലവിൽ 1,32,000-ത്തിലധികം പ്രവാസികൾ പദ്ധതിയിൽ പങ്കാളികളായിട്ടുണ്ടെന്നും കഴിഞ്ഞ ജൂലൈ 31 വരെ 227 കോടി രൂപയുടെ ആനുകൂല്യങ്ങൾ അർഹരായവർക്ക് കൈമാറിയതായും, പ്രവാസികൾക്ക് തങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ലഭിക്കുന്ന ഈ സുവർണ്ണാവസരം പരമാവധി വിനിയോഗിക്കേണ്ടതാണെന്നും നാണി മാസ്റ്റർ പറഞ്ഞു.

ചടങ്ങിൽ നോർക്ക അംഗത്വം എടുത്തവർക്കുള്ള ഐഡി കാർഡ് നാസർ സൈൻ തൃശൂർ വിതരണം ചെയ്‌തു. ഫൈസൽ മക്കരപ്പറമ്പ്, ഗഫൂർ വണ്ടൂർ, കമാൽ കളപ്പാടൻ, സമീർ പാണ്ടിക്കാട് എന്നിവർ സംസാരിച്ചു. ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും സിപി മുജീബ് നാണി നന്ദിയും പറഞ്ഞു.

എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 8 മണി മുതൽ ഷറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന പ്രവാസി സേവന കേന്ദ്രം@ ജിദ്ദ നോർക്കയുടെ വിവിധ പദ്ധതികളിൽ ചേരുന്നതിനു വേണ്ട സേവനങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്.

നൗഷാദ് ബഡ്‌ജറ്റ്, സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ, അനസ് നീലാഞ്ചേരി, ഉസ്‌മാൻ കുണ്ടുകാവിൽ, മുഹമ്മദ് ഓമാനൂർ എന്നിവർ നേതൃത്വം നൽകി.