ലഗേജിൽ അറിയാതെ എത്തിയ മരുന്ന്; സൗദി ജയിലിലായ പ്രവാസിക്ക് മോചന പ്രതീക്ഷ

കോടതിയിൽ നിരപരാധിത്വം ബോധ്യപ്പെടുത്താൻ സഹായമായി മലയാളി സാമൂഹിക പ്രവർത്തകന്റെ ഇടപെടൽ; നിയമനടപടികൾ അവസാനഘട്ടത്തിൽ
റിയാദ്: ലഗേജിൽ അറിയാതെ ഉൾപ്പെട്ട നിരോധിത മരുന്ന് സൗദി അറേബ്യയിൽ ഉത്തർപ്രദേശ് സ്വദേശിയായ പ്രവാസിയെ നിയമക്കുരുക്കിലാക്കി. നാട്ടിൽനിന്നും ഹായിലിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇസ്തിയാർ അഹമ്മദ് ഖാന്റെ ലഗേജിൽനിന്ന് നിരോധിത വിഭാഗത്തിൽപ്പെട്ട ഗുളിക കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
യാത്രയ്ക്കായി ലഗേജ് തയ്യാറാക്കുന്നതിനിടെ നാട്ടിലുള്ള ഭാര്യ അബദ്ധത്തിൽ അവരുടെ പിതാവ് സ്ഥിരമായി കഴിക്കുന്ന മരുന്ന് പെട്ടിയിൽ ഉൾപ്പെടുത്തിയതാണെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. മരുന്ന് മനഃപൂർവം കൊണ്ടുവന്നതല്ലെന്ന വിശദീകരണമുണ്ടായിരുന്നെങ്കിലും ഗുളിക നിരോധിത വിഭാഗത്തിൽപ്പെട്ടതായതിനാൽ നിയമനടപടികളിൽനിന്ന് ഒഴിവാകാൻ കഴിഞ്ഞില്ല.
സംഭവത്തിന്റെ യഥാർഥ സാഹചര്യം അധികൃതരെയും കോടതിയെയും ബോധ്യപ്പെടുത്താൻ കുടുംബം ശ്രമിച്ചുകൊണ്ടിരിക്കെയാണ് മറ്റൊരു യുപി സ്വദേശിയുടെ ഇടപെടലിലൂടെ വിഷയം സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ റഹീം തിരൂരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് റഹീം തിരൂർ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നിയമനടപടികൾക്കായി നിരന്തര ശ്രമങ്ങൾ നടത്തി.
ഇസ്തിയാർ അഹമ്മദ് ഖാന്റെ ഭാഗത്തുനിന്ന് മനഃപൂർവമായ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന സാഹചര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇടപെടലിലൂടെ സാധിച്ചതായി റഹീം തിരൂർ പറഞ്ഞു. ശിക്ഷ ഒഴിവാക്കി പ്രവാസിയുടെ മോചനം സാധ്യമാക്കുന്നതിനുള്ള നടപടികൾ നിലവിൽ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
സംഭവം സൗദിയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വലിയ മുന്നറിയിപ്പാണെന്നും റഹീം തിരൂർ പറഞ്ഞു. യാത്രയ്ക്കു മുമ്പ് ലഗേജിലുള്ള ഓരോ വസ്തുവും യാത്രക്കാരൻ നേരിട്ട് പരിശോധിക്കണം. പ്രത്യേകിച്ച് നാട്ടിൽനിന്ന് മറ്റാരെങ്കിലും പാക്ക് ചെയ്യുന്ന ലഗേജാണെങ്കിൽ അതിൽ ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകളടക്കമുള്ള സാധനങ്ങൾ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.
സൗദിയിൽ നിയന്ത്രണമോ നിരോധനമോ ഉള്ള മരുന്നുകൾ അബദ്ധത്തിൽ പോലും ലഗേജിൽ ഉൾപ്പെടാതിരിക്കാൻ യാത്രക്കാർ ജാഗ്രത പുലർത്തണം. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ കൈവശം കരുതുന്നവർ ഡോക്ടറുടെ കുറിപ്പും ആവശ്യമായ രേഖകളും സഹിതം യാത്ര ചെയ്യുന്നതും സുരക്ഷിതമാണെന്ന് റഹീം തിരൂർ ഓർമിപ്പിച്ചു.
അറിയാതെയുണ്ടാകുന്ന ചെറിയൊരു പിഴവ് പോലും സൗദിയിലെ കർശന നിയമനടപടികളിലേക്ക് പ്രവാസികളെ എത്തിച്ചേക്കാം. അതിനാൽ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ലഗേജ് സ്വയം പരിശോധിക്കുന്നത് നിർബന്ധമായ ശീലമാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
വാർത്ത അയച്ചത് : ഫൈസൽ കായംകുളം






