ലോക എഐ ചർച്ചകൾക്ക് ഇനി റിയാദ് വേദി

റിയാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൈതികതയും പുതിയ സാങ്കേതികവിദ്യകളുടെ ഭരണവും ചർച്ച ചെയ്യുന്ന നാലാമത് യുനെസ്‌കോ ഗ്ലോബൽ ഫോറം സെപ്റ്റംബർ 14 മുതൽ 17 വരെ റിയാദിൽ നടക്കും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

യുനെസ്‌കോയും സൗദി അറേബ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫോറത്തിന് വേദിയാകുന്ന ആദ്യ അറബ് രാജ്യമാണ് സൗദി. എഐ നയങ്ങൾ, നിയന്ത്രണങ്ങൾ, മനുഷ്യാവകാശ സംരക്ഷണം, ഉത്തരവാദിത്തപരമായ എഐ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ഫോറത്തിൽ ചർച്ച ചെയ്യും.

സാങ്കേതികവിദഗ്ധർ, നയരൂപീകരണക്കാർ, ആഗോള കമ്പനികളുടെ മേധാവികൾ, വിദഗ്ധർ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 2022ൽ ആരംഭിച്ച ഫോറം ഇതിന് മുമ്പ് ചെക്കിയ, സ്ലോവേനിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലാണ് നടന്നത്.

ഗ്ലോബൽ എഐ സമ്മിറ്റ് 2026-നൊപ്പമാണ് റിയാദ് ഫോറവും നടക്കുന്നത്. സൗദിയുടെ ഗ്ലോബൽ എഐ വീക്കിന്റെ ഭാഗമായാണ് പരിപാടികൾ. 2026നെ ‘എഐ വർഷം’ ആയി പ്രഖ്യാപിച്ച സൗദിയുടെ ആഗോള എഐ രംഗത്തെ സ്വാധീനം കൂടുതൽ ശക്തിപ്പെടുത്തുന്നതാകും ഫോറം.