തൊഴിലാളി അവകാശ പോരാട്ടങ്ങളുടെ ഓർമ പുതുക്കി; ജിദ്ദ നവോദയ ഷറഫിയയിൽ സ. കുഞ്ഞാലി രക്തസാക്ഷി ദിനാചരണം

ജിദ്ദ: തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി പോരാടിയ സഖാവ് കുഞ്ഞാലിയുടെ സമരജീവിതം അനുസ്മരിച്ച് ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. നവോദയ സി.സി. ഓഫീസിൽ നടന്ന പരിപാടി കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഏരിയ ആക്ടിങ് സെക്രട്ടറി ഹക്കിം പാണ്ടിക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ സലാം മമ്പാട് അധ്യക്ഷത വഹിച്ചു. ഫൈസൽ കൊടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.
ഏറനാടിന്റെ പോരാട്ട ചരിത്രത്തിൽ തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും അവകാശങ്ങൾക്കായി മുന്നിൽ നിന്ന് പോരാടിയ വിപ്ലവകാരിയായിരുന്നു സഖാവ് കുഞ്ഞാലിയെന്ന് ഫൈസൽ കൊടശ്ശേരി പറഞ്ഞു. മലയോര മേഖലയിലെ പിന്നാക്ക ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നതിലും കുഞ്ഞാലി വഹിച്ച പങ്ക് ശ്രദ്ധേയമാണെന്നും അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്കും പോരാട്ടവഴിയിൽ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീകുമാർ മാവേലിക്കര, സി.എം. അബ്ദുറഹ്മാൻ, മുജീബ് പൂന്താനം എന്നിവർ ആശംസകൾ നേർന്നു. ഏരിയ ട്രഷറർ ബിനു മുണ്ടക്കയം നന്ദി രേഖപ്പെടുത്തി.






