പയ്യന്നൂർ സ്ഥാനാർഥിയെ മാറ്റാതിരുന്നത് ആരോപണങ്ങൾക്ക് വഴങ്ങാതിരിക്കാൻ; വിശദീകരണവുമായി കെ.കെ. രാഗേഷ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലെ സി.പി.എം സ്ഥാനാർഥിയെ മാറ്റാതിരാനുള്ള കാരണം വിശദീകരിച്ച് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. സ്ഥാനാർഥിയായിരുന്ന മധുസൂദനനെ മാറ്റിയിരുന്നെങ്കിൽ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന തരത്തിൽ പ്രചാരണം ശക്തമാകുമായിരുന്നുവെന്നും, അതിന് അവസരം നൽകാതിരിക്കാനാണ് സ്ഥാനാർഥിയെ നിലനിർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പയ്യന്നൂർ ഡി.വൈ.എസ്.പി ഓഫീസിലേക്ക് എൽ.ഡി.എഫ് നടത്തിയ മാർച്ചിനിടെയായിരുന്നു രാഗേഷിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കാലത്ത് നടന്ന അക്രമ സംഭവങ്ങളിലെ യഥാർത്ഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അന്വേഷണത്തിൽ വീഴ്ച വരരുതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പയ്യന്നൂരിലെ സി.പി.എം സംഘടന ദുർബലമായെന്ന വിലയിരുത്തൽ തെറ്റാണെന്നും പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും രാഗേഷ് കൂട്ടിച്ചേർത്തു. ഷെഡ് മാത്രമല്ല, അതിന് താഴെയുള്ളതും പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന പരാമർശത്തിലൂടെ കൂടുതൽ വെല്ലുവിളിയും അദ്ദേഹം ഉയർത്തി.

അതേസമയം, തിരഞ്ഞെടുപ്പ് സമയത്തെ അക്രമക്കേസുകളിലെ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് വീഴ്ച വരുത്തുകയാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി പി. സന്തോഷ്കുമാറും ആരോപിച്ചു. നിയമം നടപ്പാക്കേണ്ട ഉത്തരവാദിത്വം പൊലീസ് നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, കെ.കെ. രാഗേഷിന്റെ പ്രസ്താവനയ്ക്ക് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ മറുപടി നൽകി. തിരഞ്ഞെടുപ്പ് കാലത്തെ അക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ സി.പി.എം പ്രവർത്തകരാണ് പ്രതികളെന്നും, കൂടുതൽ സംഘർഷത്തിന് സാഹചര്യം സൃഷ്ടിക്കുന്ന തരത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെന്നും അദ്ദേഹം ആരോപിച്ചു.