പ്രവാസി പ്രശ്നങ്ങൾ: ആഭ്യന്തര മന്ത്രിക്ക് ഒഐസിസി നിവേദനം നൽകി; എൻ.ആർ.ഐ പോലീസ് സെല്ലിൽ എത്രയും വേഗം എസ്.പിയെ നിയമിക്കുമെന്ന് ഉറപ്പ്

ജിദ്ദ: പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, പ്രവാസി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കുന്നതിനുമായി കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒഐസിസി പ്രതിനിധി സംഘം തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വെച്ച് അടിയന്തര നിവേദനം സമർപ്പിച്ചു.
വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനറും സഹ്യ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ കെ.ടി.എ. മുനീറിന്റെ നേതൃത്വത്തിലാണ് നേതാക്കൾ ആഭ്യന്തര മന്ത്രിയെ കണ്ട് ചർച്ച നടത്തിയത്. പ്രവാസികളുടെ സുരക്ഷയും ആത്മാഭിമാനവും ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പുനൽകി. കൂടാതെ, പോലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ (NRI) പോലീസ് സെല്ലിൽ എത്രയും വേഗം സൂപ്രണ്ട് ഓഫ് പോലീസ് (SP) തസ്തികയിലേക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

പ്രവാസികളുടെയും കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി പ്രത്യകമായി പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന എൻ ആർ ഐ  പോലീസ് സെൽ  കൃത്യമായ ഡിജിറ്റൽ സംവിധാനങ്ങളോടും വ്യക്തമായ എസ്‌.ഒ.പി (SOP)-യോടും കൂടി അടിയന്തരമായി പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കുക.  സുതാര്യത ഉറപ്പാക്കാൻ പ്രവാസി പ്രതിനിധികളെയും സംഘടനകളെയും ഉൾപ്പെടുത്തി ‘പ്രവാസി അഡ്വൈസറി കമ്മിറ്റി’ രൂപീകരിക്കുക.  പ്രവാസികളുടെ ചെറിയ അഡ്രസ് വ്യതസ്തത്തിന്റെ  പേരിൽ  പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള പോലീസ് വെരിഫിക്കേഷനിൽ നേരിടുന്ന കാലതാമസവും പ്രയാസങ്ങളും പരിഹരിച്ച് നടപടികൾ ലളിതമാക്കുക.  വെരിഫിക്കേഷൻ കൃത്യസമയത്ത് പൂർത്തിയാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രിയുടെ മേൽനോട്ടത്തിൽ പ്രത്യേക മോണിറ്ററിംഗ് സെൽ ഉണ്ടാകുക. പ്രവാസികൾ നാട്ടിലില്ലാത്ത സമയം മുതലെടുത്ത് നടത്തുന്ന അന്യായമായ സ്വത്ത് കൈയേറ്റങ്ങൾ തടയുക.  പ്രവാസികൾ അവധിക്കാലത്ത് നാട്ടിലെത്തുമ്പോൾ വ്യാജ പരാതികളിൽ കുടുക്കുന്നത് തടയാൻ പോലീസ് അന്വേഷണ രീതികളിൽ മാറ്റം വരുത്തുകയും, പ്രാദേശിക തലത്തിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം മാത്രം കേസുകളിൽ തുടർനടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്യുക തുടങ്ങിയവയാണ് നിവേദനത്തിലെ മറ്റു പ്രധാന ആവശ്യങ്ങൾ.

കേരളത്തിൽ മയക്കുമരുന്നിനെതിരെ വിപ്ലവാത്മകമായ പോരാട്ടത്തിനും മുന്നേറ്റത്തിനും നേതൃത്വം നൽകുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് നേതൃത്വം നൽകുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഒഐസിസി പ്രതിനിധി സംഘം പ്രവാസി സമൂഹത്തിന് വേണ്ടി പ്രത്യേകമായി അഭിനന്ദിക്കുകയും, ലഹരിവിരുദ്ധ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.

ജിദ്ദയിൽ നിന്നുള്ള ഒഐസിസി നേതാക്കളായ സാക്കിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, നാസിമുദ്ധീൻ മണനാക്, അബ്ദുൽ ഖാദർ കള്ളിവളപ്പിൽ, മുൻ ഭാരവാഹികളായ അബ്ദുൽ റഹീം ഇസ്മായിൽ, ജോഷി വർഗ്ഗീസ്, ഷുക്കൂർ വക്കം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ:
പ്രവാസി മലയാളികൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും ഭരണപരമായ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ കെ ടി എ മുനീറിന്റെ  നേതൃത്വത്തിൽ അടിയന്തര നിവേദനം സമർപ്പിച്ചു.