ഭക്ഷണം കഴിച്ചതിൽ എന്താണ് തെറ്റ്? ഹെലികോപ്റ്റർ യാത്ര ഔദ്യോഗികം; വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

♣ ടി. അനൂപ് 

തിരുവനന്തപുരം: പ്രളയസാഹചര്യത്തിൽ ഭക്ഷണം കഴിച്ചതും ഹെലികോപ്റ്റർ ഉപയോഗിച്ചതും ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തസമയത്ത് നടത്തിയ പ്രവർത്തനങ്ങളെ അവഗണിച്ച് ഭക്ഷണം കഴിച്ചതിനെ മാത്രം വിവാദമാക്കുന്നത് ഹീനമായ പ്രചാരണമാണെന്ന് അദ്ദേഹം വിമർശിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പുലർച്ചെ അഞ്ചുമണിമുതൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കലക്ടർമാരുമായും നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മന്ത്രിമാരും എം.എൽ.എമാരും വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്നുവെന്നും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് താൻ ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

2018-ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് പരിഹാസരൂപേണ പറഞ്ഞ അദ്ദേഹം, ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന പുതിയ മാനദണ്ഡമാണ് ഇപ്പോൾ ഉയർത്തിക്കാണിക്കുന്നതെന്നും വിമർശിച്ചു.

ഓരോ മൂന്ന് മണിക്കൂറിലും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിഗതികൾ വിലയിരുത്തി വിവരങ്ങൾ കൈമാറിയിരുന്നുവെന്നും റവന്യൂ മന്ത്രി രണ്ടുതവണ മാധ്യമങ്ങളെ കണ്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതെല്ലാം അവഗണിച്ച് ഭക്ഷണം കഴിച്ചതിനെ മാത്രം വാർത്തയാക്കുന്നതിൽ യാതൊരു ന്യായവുമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സജീവമായിരുന്നുവെന്നും മുൻകാലങ്ങളിൽ പതിനായിരക്കണക്കിന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ആവശ്യമായ സാധനങ്ങൾ വിപണിയിൽ നിന്ന് കടം വാങ്ങിപ്പോലും എത്തിച്ച അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ജനങ്ങൾ നടത്തട്ടെയെന്നും രാഷ്ട്രീയ പ്രചാരണങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതാശ്വാസ ക്യാമ്പുകളെ കുറിച്ചുള്ള ചില പരാതികൾ രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആറന്മുളയിലെ ഒരു ക്യാമ്പിനെക്കുറിച്ചുള്ള പരാതി പിന്നീട് പരാതിക്കാരി തന്നെ തിരുത്തിയെന്നും നിലവിൽ ക്യാമ്പുകളിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തസമയത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഹെലികോപ്റ്റർ യാത്രയെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരണം നൽകി. സ്വകാര്യ ആവശ്യത്തിനല്ല, സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരാൻ താൽപര്യം പ്രകടിപ്പിച്ച ഒരു നിക്ഷേപകസംഘത്തെ കൊച്ചിയിൽ കാണുന്നതിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം വന്ദേ ഭാരതിൽ യാത്ര ചെയ്യാനായിരുന്നു തീരുമാനമെങ്കിലും സമയപരിമിതി കാരണം ഹെലികോപ്റ്റർ തിരഞ്ഞെടുക്കേണ്ടിവന്നതാണെന്നും വ്യക്തമാക്കി.

ഹെലികോപ്റ്റർ ഉപയോഗിച്ചതിലൂടെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി 25 മണിക്കൂർ പറക്കാനുള്ള കരാറാണ് നിലവിലുള്ളത്. ഈ സമയം ഉപയോഗിച്ചാലും ഇല്ലെങ്കിലും അതേ തുക നൽകേണ്ടിവരുമെന്നും നിലവിലെ സർക്കാർ ഈ സൗകര്യം വളരെ പരിമിതമായാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ യാത്രയെ വിമർശിക്കുന്നവർ മുൻ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഉപയോഗം കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, മുൻ ഭരണകാലത്ത് പാർട്ടി പരിപാടികൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നുവെന്ന് ആരോപിച്ചു. താൻ നടത്തിയ യാത്ര സംസ്ഥാനത്തിന്റെ വികസനത്തിനും നിക്ഷേപം ആകർഷിക്കാനുമുള്ള ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയ നിക്ഷേപകസംഘത്തിന്റെ പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. ചർച്ചകൾ അന്തിമഘട്ടത്തിലെത്തുംവരെ അവരുടെ വിവരങ്ങൾ പുറത്തുവിടുന്നത് ഉചിതമല്ലെന്നും അനാവശ്യ വിവാദങ്ങളിലൂടെ നിക്ഷേപസാധ്യതയെ ബാധിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.