സംഗീതമഴയിൽ നനഞ്ഞ് ജിദ്ദ; ‘മ്യൂസിക്കൽ റോക്ക് ഷോ’ കലാസ്വാദകരുടെ ഹൃദയം കീഴടക്കി



♠ അബു സഫ  

ജിദ്ദ: ഒരുപിടി മനോഹര ഗാനങ്ങളും താളമേളങ്ങളും നൃത്തചുവടുകളും ചേർന്നപ്പോൾ ജിദ്ദയിലെ വാരാന്ത്യസന്ധ്യ സംഗീതോത്സവമായി മാറി. ജിദ്ദ സൗഹൃദ കൂട്ടായ്മ വാട്സ്ആപ്പ് ടൂർ ഗ്രൂപ്പ് സംഘടിപ്പിച്ച “മ്യൂസിക്കൽ റോക്ക് ഷോ” സംഗീതസായാഹ്നം പ്രവാസി മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുഅനുഭവം സമ്മാനിച്ചു. സംഗീതത്തോടുള്ള പ്രണയവും സൗഹൃദത്തിന്റെ ഊഷ്മളതയും ഒരേ വേദിയിൽ സംഗമിച്ച പരിപാടി തുടക്കം മുതൽ ഒടുവിൽ വരെ കാണികളുടെ നിറഞ്ഞ പിന്തുണ നേടി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ആശാ ഷിജു, സിറാജ് നിലമ്പൂർ, മുസ്തഫ, യൂനസ് കിഴിശ്ശേരി, റോഷൻ അലി, ലെന, അനീസ് നിലമ്പൂർ എന്നിവർ അവതരിപ്പിച്ച വൈവിധ്യമാർന്ന ഗാനങ്ങൾ സദസ്സിനെ സംഗീതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പഴയകാല ഹിറ്റ് ഗാനങ്ങളിൽ നിന്ന് പുതിയ ഗാനങ്ങൾ വരെ വേദിയിൽ നിറഞ്ഞപ്പോൾ കൈയടികളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ പ്രേക്ഷകർ ഓരോ അവതരണവും സ്വീകരിച്ചു.

റബീന, സെമിന, ടീമിന്റെ ഒപ്പനയും നൃത്താവിഷ്‌കാരങ്ങളും സംഗീതസന്ധ്യയ്ക്ക് വർണപ്പകിട്ടേകി. കലയും സംസ്കാരവും സമന്വയിപ്പിച്ച അവതരണങ്ങൾ പരിപാടിയുടെ മാറ്റുകൂട്ടുന്ന നിമിഷങ്ങളായി.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഹസൻ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മുക്കണ്ണിയും ഇബ്രാഹിം ഇരിങ്ങല്ലൂരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കലയും സംഗീതവും മനസ്സിന് പുതുജീവൻ പകരുന്ന ശക്തിയാണെന്നും ഇത്തരം കൂട്ടായ്മകൾ സമൂഹബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നുവെന്നും അവർ പറഞ്ഞു.

ലിസി സോണിയും സലാഹുദ്ദീനും അവതാരകരായി പരിപാടിയെ സജീവമാക്കി.

ജലീൽ പുലാമന്തോൾ, മനാഫ് എം.സി., ജാസിഫ് കാലിക്കറ്റ്, നാസർ നെച്ചിക്കാട്ടിൽ, ഹബീബ് പാണ്ടിക്കാട്, ജയ് സന്താനം എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി. മനാഫ് എം.സി. സ്വാഗതം ആശംസിച്ചു.

സംഗീതവും സൗഹൃദവും ഒരേ താളത്തിൽ ഹൃദയങ്ങളെ സ്പർശിച്ച ‘മ്യൂസിക്കൽ റോക്ക് ഷോ’, ജിദ്ദയിലെ പ്രവാസി സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഗീതവിരുന്നായി മാറി.