ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയെ ലോകത്തിന് പരിചയപ്പെടുത്തിയ മഹാ പണ്ഡിതൻ: ബദറുദ്ധീൻ തങ്ങൾ

മക്ക: സമസ്തയെ ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തിയ മഹാ പണ്ഡിതനായിരുന്നു വിടപറഞ്ഞു പോയ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ എന്ന് സയ്യിദ് ബദറുദ്ധീൻ തങ്ങൾ കാടപ്പടി പറഞ്ഞു. മക്ക കെഎംസിസി സെൻട്രൽ കമ്മറ്റി കാക്കിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആലികുട്ടി മുസ്‌ലിയാർ അനുസ്മരണ പ്രാർത്ഥന സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

കൂടിയാലോചനകളിലൂടെ സമസ്‌തയെ മുന്നോട്ട് നയിക്കുകയും വിനയത്തോടെ ജീവിക്കുകയും ചെറിയവരെയും വലിയവരെയും ബഹുമാനത്തോടെ സമീപിക്കുകയും എല്ലാവരെയും പുഞ്ചിരിയോടെ സ്വീകരിക്കുകയും ചെയ്ത ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗം സമസ്തക്കും സമുദായത്തിനും കേരളീയ പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്നും അദ്ദേഹത്തിൽ നിന്ന് പുതുതലമുറക്ക് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിനയവും സ്നേഹവും ബഹു ഭാഷാ പാണ്ഡിത്യവും ഒരുമിച്ച മഹാ പണ്ഡിതനായിരുന്നു ആലികുട്ടി ഉസ്താതെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സമസ്ത പരപ്പനങ്ങാടി റൈഞ്ച് ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് മാന്നാനി പറഞ്ഞു. സമസ്‌തയുടെ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും ലളിത ജീവിതം നയിച്ച അദ്ദേഹം സമുദായത്തിനുള്ളിൽ ഐക്യ ശ്രമങ്ങൾക്ക് വേണ്ടി പരിശ്രമിച്ചു. മരണത്തിൽ പോലും അദ്ദേഹത്തിന്റെ പുഞ്ചിരി പ്രതിഫലിച്ചുവെന്നും അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തങ്ങളും പുതുതലമുറക്ക് വായിച്ചു പഠിക്കാവുന്ന പാഠപുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, എം സി നാസർ, സിദ്ധിഖ്‌ കൂട്ടിലങ്ങാടി, ഷാഹിദ് പരേടത്ത് എന്നിവരും സംസാരിച്ചു. മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും നാസർ കിൻസാറ നന്ദിയും പറഞ്ഞു.