വയനാട് ഭവനപദ്ധതിക്കായി സമാഹരിച്ച ₹8.40 ലക്ഷം കൈമാറി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

തിരുവനന്തപുരം: വയനാട് പ്രളയബാധിത മേഖലയിലെ നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിനായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച ₹8,40,000 (എട്ട് ലക്ഷത്തി നാല്പതിനായിരം രൂപ) തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൈമാറി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
കെപിസിസി വർക്കിംഗ് പ്രസിഡന്റും റവന്യൂ വകുപ്പ് മന്ത്രിയുമായ എ.പി. അനിൽകുമാർ, മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവർ കെപിസിസി നേതാക്കളുടെ സാന്നിധ്യത്തിൽ തുക ഏറ്റുവാങ്ങി.
ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട്, വൈസ് പ്രസിഡന്റ് അസീസ് ലാക്കൽ, മൈനോറിറ്റി കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി മുജീബ് പാക്കട, ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ഹംസ ലാക്കൽ, ഷംസുദ്ദീൻ മേലാറ്റൂർ, ഡി.സി.സി സെക്രട്ടറി നാസർ തെന്നല എന്നിവർ പങ്കെടുത്തു.
തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ, നിലമ്പൂർ എം.എൽ.എ ആര്യാടൻ ഷൗക്കത്ത് എന്നിവരുമായി ജില്ലാ കമ്മിറ്റി നേതാക്കൾ കൂടിക്കാഴ്ച നടത്തി. വയനാട് ഭവനപദ്ധതിക്കായി നടത്തിയ ഈ വലിയ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ ഒഐസിസി പ്രവർത്തകരെയും നേതാക്കളെയും ജിദ്ദയിലെ പൊതുസമൂഹത്തെയും നേതാക്കൾ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
പ്രവാസി സമൂഹത്തിനായി സജീവമായി സേവനപ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ഒ ഐ സി സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെയും അവർ പ്രശംസിച്ചു.
കൂടിക്കാഴ്ചയിൽ നോർക്ക ക്ഷേമനിധിയിൽ നിന്നുള്ള പ്രവാസി പെൻഷൻ വിതരണം വൈകുന്നത്, നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി എല്ലാ ആശുപത്രികളിലും ലഭ്യമല്ലാത്തത് എന്നീ വിഷയങ്ങളും നേതാക്കൾ ഉന്നയിച്ചു. ഈ വിഷയങ്ങൾ ഗൗരവമായി പരിഗണിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പ് നൽകിയതായി ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.






