ഡൽഹിയിൽ യുവജനങ്ങൾക്ക് നേരെയുള്ള പോലീസ് നരനായാട്ട് അവസാനിപ്പിക്കണം; കേന്ദ്രമന്ത്രി രാജിവെക്കണം: ജിദ്ദ നവോദയ യുവജന വേദി

ജിദ്ദ: ഡൽഹിയിൽ ജനാധിപത്യപരമായി സമരം ചെയ്യുന്ന യുവജനങ്ങൾക്ക് നേരെ ഡൽഹി പോലീസ് അഴിച്ചുവിട്ട ക്രൂരമായ ലാത്തിച്ചാർജും അറസ്റ്റുകളും ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ മുഖമാണ്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവർത്തിക്കുന്ന പോലീസ് സംവിധാനത്തെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ആയുധമാക്കി മാറ്റുന്ന കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് സമീപനം അത്യന്തം പ്രതിഷേധാർഹമാണ്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
രാജ്യത്തെ യുവജനങ്ങളുടെ ഭാവിയെ തകർക്കുന്ന തെറ്റായ നയങ്ങളും ഭരണപരമായ പരാജയങ്ങളും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുമ്പോൾ, അതിന് മറുപടി നൽകേണ്ട കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ ലാത്തികൊണ്ടും കണ്ണീർവാതക ഷെല്ലുകൊണ്ടും അറസ്റ്റ് കൊണ്ടും നിശ്ശബ്ദമാക്കാമെന്ന വ്യാമോഹത്തിലാണ്. പ്രതിഷേധിക്കുന്ന യുവാക്കളെ ശത്രുക്കളായി കാണുന്ന സമീപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
ഈ വിഷയത്തിൽ ധാർമികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ബന്ധപ്പെട്ട കേന്ദ്രമന്ത്രി ഉടൻ രാജിവെക്കണം. അതിന് തയ്യാറാകാതെ അധികാരത്തിന്റെ മറവിൽ ഒളിച്ചിരിക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാത്ത ഭരണകൂടം പോലീസ് ബൂട്ടിന്റെ കരുത്തിൽ ഭരണം തുടരാനാണ് ശ്രമിക്കുന്നത്.
ഇന്ത്യൻ ഭരണഘടന ഓരോ പൗരനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു. ആ അവകാശത്തെ ചവിട്ടിമെതിക്കുന്ന നടപടികൾ ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനെ തന്നെയാണ് ആക്രമിക്കുന്നത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനല്ല, യുവജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാനാണ് കേന്ദ്രസർക്കാർ തയ്യാറാകേണ്ടത്.
ജനങ്ങളുടെ ശബ്ദത്തെ ലാത്തികൊണ്ട് ഇല്ലാതാക്കാനാവില്ല. അടിച്ചമർത്തൽ കൂടുംതോറും പ്രതിഷേധം കൂടുതൽ ശക്തമാകും എന്ന ചരിത്രപാഠം കേന്ദ്രസർക്കാർ മറക്കരുത്. ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും യുവജനങ്ങളുടെ അവകാശങ്ങൾക്കും ഒപ്പമെന്ന് പ്രഖ്യാപിച്ച് മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ജിദ്ദ നവോദയ യുവജന വേദി ആഹ്വാനം ചെയ്യുന്നു.






