‘കള്ളൻ വിജയൻ’ വിവാദം; പ്രസിദ്ധീകരിക്കാത്ത ലേഖനം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് ടി.സി. രാജേഷ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ‘കള്ളൻ വിജയൻ’ എന്ന ഫീച്ചർ ലേഖനം മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. തലക്കെട്ടിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് സമ്മതിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനം പുറത്തുവിട്ടത്.

തിരുവനന്തപുരം പുല്ലാംപാറയിലെ നാടകഗ്രാമത്തെയും നാടകകലാകാരനായ വിജയനെയും കുറിച്ചുള്ള ലേഖനത്തിനാണ് ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് നൽകിയിരുന്നത്. നാടകവേദിയിലെ ‘കള്ളൻ’ കഥാപാത്രത്തിലൂടെ പ്രശസ്തനായ വിജയന് ആ പേരിൽ അയക്കുന്ന കത്തുകൾ പോലും ലഭിക്കാറുണ്ടെന്ന പശ്ചാത്തലത്തിലായിരുന്നു തലക്കെട്ട്.

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക പ്രത്യേക പതിപ്പിന്റെ പിൻപേജിൽ ഈ തലക്കെട്ട് വന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് പതിപ്പ് അവസാന നിമിഷം പിൻവലിക്കുകയും പിന്നീട് ലേഖനം ഒഴിവാക്കി പത്രം പ്രസിദ്ധീകരിക്കുകയുമായിരുന്നു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ടി.സി. രാജേഷ്, വായനക്കാരിലേക്ക് എത്താതെ പോയ ലേഖനം പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.