ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ജനനായകൻ; ജിദ്ദ വായനക്കൂട്ടം അനുസ്മരണ സദസ് സംഘടിപ്പിച്ചു

ജിദ്ദ: ജനങ്ങളോടൊപ്പം ജീവിക്കുകയും ജനങ്ങൾക്കായി ഭരിക്കുകയും ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജിദ്ദ വായനക്കൂട്ടം സംഘടിപ്പിച്ച പ്രതിവാര വായനസദസ് വികാരനിർഭരമായ അനുസ്മരണ സമ്മേളനമായി. വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസി മലയാളികൾ പങ്കെടുത്ത ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും മാനുഷിക ഇടപെടലുകളും അനുസ്മരിക്കപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ മുൻ ചെയർമാൻ എൻജിനീയർ ഇക്ബാൽ പൊക്കുന്നു മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മൻചാണ്ടിയുടെ ജീവിതവും പൊതുപ്രവർത്തനവും ആസ്പദമാക്കി പ്രസിദ്ധീകരിച്ച ‘കാലം സാക്ഷി’, ‘ഗ്രേസസ് വോയിസ്’ എന്നീ ഗ്രന്ഥങ്ങളിലെ വായനാനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, പുതുപ്പള്ളി എന്ന ഗ്രാമത്തിൽ നിന്ന് കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ഉയർന്ന അപൂർവ വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടിയെന്ന് പറഞ്ഞു.
ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹാരം കണ്ടെത്തിയ ‘ജനസമ്പർക്ക പരിപാടി’ കേരളത്തിന് ആഗോള തലത്തിൽ അംഗീകാരം നേടിക്കൊടുത്ത മാതൃകാപരമായ ഭരണസംരംഭമായിരുന്നുവെന്നും, പൊതുജനസേവന രംഗത്തെ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം വരെ ആ പദ്ധതിയിലൂടെ കേരളത്തിന് ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിദ്ദ വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ജനങ്ങൾക്കിടയിൽ ജീവിച്ച് അവരുടെ സ്നേഹവും വിശ്വാസവും നേടിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ അകലം പാലിക്കാതെ സാധാരണക്കാരുടെ ഇടയിൽ എപ്പോഴും സജീവമായിരുന്ന അദ്ദേഹത്തിന്റെ ലാളിത്യവും മനുഷ്യസ്നേഹവുമാണ് ഇന്നും ജനമനസ്സുകളിൽ അദ്ദേഹത്തെ ജീവിപ്പിക്കുന്നതെന്നും മുനീർ അഭിപ്രായപ്പെട്ടു.
2017-ൽ ഉമ്മൻചാണ്ടിയുടെ ജിദ്ദ സന്ദർശനത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത അനുഭവങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
തുടർന്ന് നടന്ന അനുസ്മരണ ചർച്ചയിൽ നൗഷാദ് അടൂർ, അനിൽകുമാർ ചക്കരക്കൽ, നാസ്സർ സൈൻ, മുജീബ് മൂത്തേടത്ത്, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, ഗഫൂർ വണ്ടൂർ, ഷറഫുദീൻ പാലക്കാട് എന്നിവർ സംസാരിച്ചു. പ്രവാസി സമൂഹവുമായി ഉമ്മൻചാണ്ടിക്കുണ്ടായിരുന്ന ആത്മബന്ധവും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളും ജനകീയ സമീപനവും അവർ അനുസ്മരിച്ചു.
ഫോട്ടോ: ജിദ്ദ വായനക്കൂട്ടം സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ മുൻ ചെയർമാൻ എൻജിനീയർ ഇക്ബാൽ പൊക്കുന്നു മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുന്നു.





