മരണവക്കിൽ നിന്ന് തിരിച്ചെത്തി ഇന്ത്യൻ തീർഥാടക; 50 സെക്കൻഡിൽ രക്ഷാപ്രവർത്തനം

♠ അസ്മ ജംഷീദ്
മദീന: മസ്ജിദുന്നബവിക്ക് സമീപം ഹൃദയവും ശ്വാസോച്ഛ്വാസവും പെട്ടെന്ന് നിലച്ച ഇന്ത്യൻ വനിതാ തീർഥാടകയെ വെറും 50 സെക്കൻഡിനുള്ളിൽ എത്തി ജീവൻ തിരിച്ചുപിടിപ്പിച്ച് സൗദി റെഡ് ക്രസന്റ് ആംബുലൻസ് സംഘം മാതൃകയായി. അതിവേഗ പ്രതികരണവും കൃത്യസമയത്തെ അടിയന്തര ചികിത്സയും ചേർന്നാണ് തീർഥാടകയുടെ ജീവൻ രക്ഷിക്കാനായത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
വെള്ളിയാഴ്ച മസ്ജിദുന്നബവിക്ക് സമീപമുള്ള അൽ-ബഖീഅ് ന്റെ മതിലിനരികെയായിരുന്നു സംഭവം. വിവരം ലഭിച്ചതുടൻ മദീനയിലെ കേന്ദ്ര മേഖലയിലെ സൗദി റെഡ് ക്രസന്റ് ആംബുലൻസ് സംഘം സ്ഥലത്തെത്തി. പരിശോധനയിൽ തീർഥാടകയ്ക്ക് ഹൃദയവും ശ്വാസോച്ഛ്വാസവും നിലച്ചതായി കണ്ടെത്തിയതോടെ ഉടൻ തന്നെ കാർഡിയോപൾമണറി റിസസിറ്റേഷൻ (CPR) ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ ആരംഭിച്ചു.
തുടർച്ചയായ രക്ഷാപ്രവർത്തനത്തിനൊടുവിൽ തീർഥാടകയുടെ ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാനും ആരോഗ്യനില പ്രാഥമികമായി സ്ഥിരപ്പെടുത്താനും മെഡിക്കൽ സംഘത്തിന് സാധിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ബാബ് ജിബ്രീൽ ഹെൽത്ത് സെന്ററിലേക്ക് മാറ്റി.
ആംബുലൻസ് സംഘത്തിന്റെ അതിവേഗ പ്രതികരണവും സമയോചിതമായ ചികിത്സയും തന്നെയാണ് തീർഥാടകയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായതെന്നാണ്
മദീന മേഖലയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. ഒമർ അൽ-അത്താസ് അറിയിച്ചത്.
മസ്ജിദുന്നബവി പരിസരത്തെ കേന്ദ്ര മേഖലയിലെ ആംബുലൻസ് ടീമുകൾ 24 മണിക്കൂറും പ്രത്യേക പ്രവർത്തന പദ്ധതിപ്രകാരം സജ്ജരായി പ്രവർത്തിക്കുന്നുണ്ടെന്നും സന്ദർശകർക്കും തീർഥാടകർക്കും അതിവേഗ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ വൈകാതെ വിവരം അറിയിക്കുകയും പ്രാരംഭ ഘട്ടത്തിൽ തന്നെ ആംബുലൻസ് സേവനം ലഭ്യമാക്കുകയും ചെയ്യുന്നത് ജീവൻ രക്ഷിക്കാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്ന് ഡോ. അൽ-അത്താസ് ചൂണ്ടിക്കാട്ടി. തീർഥാടകരുടെ തിരക്ക് കൂടുതലുള്ള സമയങ്ങളിലും അതീവ ജാഗ്രതയോടെയും ഉയർന്ന പ്രൊഫഷണലിസത്തോടെയും സേവനം അനുഷ്ഠിക്കുന്ന റെഡ് ക്രസന്റ് ആംബുലൻസ് ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.






