48 മണിക്കൂറിൽ അഞ്ച് അവയവദാനം; നാല് കുട്ടികളുൾപ്പെടെ 12 പേർക്ക് പുതുജീവൻ നൽകി സൗദി

♠ അസ്മ ജംഷീദ്
റിയാദ്: വെറും 48 മണിക്കൂറിനുള്ളിൽ അഞ്ച് മസ്തിഷ്കമരണം സ്ഥിരീകരിച്ച ദാതാക്കളിൽ നിന്ന് അവയവങ്ങൾ ശേഖരിച്ച് നാല് കുട്ടികളുൾപ്പെടെ 12 രോഗികൾക്ക് പുതുജീവൻ നൽകാൻ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ (SCOT) വിജയിച്ചു. സൗദിക്കകത്തും വിദേശത്തുമുള്ള വിവിധ ആശുപത്രികളുടെ സഹകരണത്തോടെയായിരുന്നു ജീവൻ രക്ഷിച്ച ഈ ശസ്ത്രക്രിയകൾ.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അവയവ തകരാറിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികൾക്കാണ് ഹൃദയം, കരൾ, ശ്വാസകോശം, വൃക്ക എന്നിവ വിജയകരമായി മാറ്റിവെച്ചത്.
നടത്തിയ ശസ്ത്രക്രിയകളിൽ ഒരു കുട്ടിയുടേതുൾപ്പെടെ രണ്ട് ഹൃദയമാറ്റിവെക്കൽ, കരൾ തകരാറിലായിരുന്ന ഒരു കുട്ടിയുടേതുൾപ്പെടെ രണ്ട് കരൾമാറ്റിവെക്കൽ, രണ്ട് ശ്വാസകോശമാറ്റിവെക്കൽ, കൂടാതെ ഡയാലിസിസിനെ ആശ്രയിച്ചിരുന്ന രണ്ട് കുട്ടികളുൾപ്പെടെ ആറ് രോഗികൾക്ക് ആറ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളും ഉൾപ്പെട്ടു.
അവയവങ്ങൾ മെഡിക്കൽ നൈതികതയും ചികിത്സാ മുൻഗണനയും കർശനമായി പാലിച്ചാണ് രോഗികൾക്ക് വിതരണം ചെയ്തതെന്ന് എസ്‌സിഒടി ഡയറക്ടർ ജനറൽ ഡോ. തലാൽ അൽ-ഖൗഫി അറിയിച്ചു.
സൗദിയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളും സൗദി എയർ മെഡിക്കൽ ഇവാക്വേഷൻ വിഭാഗവും വിദേശ മെഡിക്കൽ സംഘങ്ങളും നടത്തിയ മികച്ച ഏകോപനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും ഡോ. തലാൽ അൽ-ഖൗഫി പറഞ്ഞു.
മസ്തിഷ്കമരണം സംഭവിച്ച പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ മനസ്സുവെച്ച കുടുംബങ്ങൾക്ക് ഡോ. തലാൽ അൽ-ഖൗഫി പ്രത്യേക നന്ദി അറിയിച്ചു. അവരുടെ മഹത്തായ തീരുമാനം നിരവധി രോഗികൾക്ക് പുതിയ ജീവിതത്തിന്റെയും പ്രതീക്ഷയുടെയും വാതിൽ തുറന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബിഷയിലെ കിംഗ് അബ്ദുല്ല ആശുപത്രി, അൽ അഹ്സയിലെ കിംഗ് ഫഹദ് ആശുപത്രി, അബ്ഹയിലെ മാതൃത്വ-ശിശു ആശുപത്രി, കൂടാതെ ഗൾഫ് സഹകരണ കൗൺസിലിന്റെ (GCC) അവയവ പങ്കിടൽ പദ്ധതിയുടെ ഭാഗമായി യുഎഇയിലെ ഹയാത്ത് ഓർഗൻ ഡൊണേഷൻ ആൻഡ് ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമുമായി സഹകരിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.
അവസാനഘട്ട അവയവ തകരാറുള്ള രോഗികൾക്ക് അവയവമാറ്റിവെക്കൽ മാത്രമാണ് ഫലപ്രദമായ ചികിത്സാമാർഗമെന്നും, കാത്തിരിപ്പ് പട്ടിക കുറയ്ക്കുന്നതിൽ അവയവദാനത്തിന് നിർണായക പങ്കുണ്ടെന്നും എസ്‌സിഒടി വ്യക്തമാക്കി. സൗദിയിലെ ദേശീയ അവയവദാന പദ്ധതിയിൽ തവക്കൽന പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യാനോ രജിസ്ട്രേഷൻ പിൻവലിക്കാനോ സാധിക്കും.






