ഭിന്നശേഷിക്കാരുടെ അവകാശം കവർന്നവർക്ക് പിഴ; 2,135 വാഹനങ്ങൾക്കെതിരെ ട്രാഫിക് നടപടി

♠ അസ്മ ജംഷീദ്
റിയാദ്: ഭിന്നശേഷിക്കാർക്കായി പ്രത്യേകമായി അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് സൗദി അറേബ്യയിലെ വിവിധ മേഖലകളിലായി 2,135 വാഹനങ്ങൾക്കെതിരെ ട്രാഫിക് അധികൃതർ നടപടി സ്വീകരിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഭിന്നശേഷിക്കാർക്ക് ദൈനംദിന ആവശ്യങ്ങൾ സുഗമമായി നിറവേറ്റാൻ വേണ്ടിയാണ് ഇത്തരം പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും, അർഹതയില്ലാത്തവർ ഇവ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വാഹനം പിടിച്ചെടുക്കുന്നതിനും നടപടി സ്വീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് സ്ഥലങ്ങൾ കെട്ടിടത്തിന്റെ പ്രധാന പ്രവേശന കവാടത്തിന് ഏറ്റവും അടുത്തായിരിക്കണമെന്നാണ് മുനിസിപ്പാലിറ്റിയും ഹൗസിംഗ് മന്ത്രാലയവും നിഷ്‌കർഷിച്ചിട്ടുള്ളത്. ഒന്നിലധികം പ്രവേശന കവാടങ്ങളുള്ള കെട്ടിടങ്ങളിൽ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന പ്രവേശന ഭാഗത്തിന് സമീപം പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും, അവിടെ നിന്ന് കെട്ടിടത്തിലേക്കുള്ള വഴി സുരക്ഷിതവും തടസ്സരഹിതവുമായിരിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, ഭിന്നശേഷിയുള്ളവർക്ക് മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അംഗീകൃത മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ച് ട്രാഫിക് ഫെസിലിറ്റേഷൻ കാർഡ് നേടാനുമുള്ള സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.






