ലോകകപ്പ് തിരിച്ചടിക്ക് പിന്നാലെ SAFF-ൽ അധികാരമാറ്റം; പുതിയ പ്രസിഡന്റിനെ ഓഗസ്റ്റ് 30ന് തിരഞ്ഞെടുക്കും

♠ അസ്മ ജംഷീദ്
ജിദ്ദ: 2026 ഫിഫ ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനിൽ (SAFF) നേതൃത്വമാറ്റത്തിന് കളമൊരുങ്ങി. പുതിയ പ്രസിഡന്റിനെയും ഡയറക്ടർ ബോർഡിനെയും തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 30ന് നടക്കുമെന്ന് ഫെഡറേഷൻ പ്രഖ്യാപിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ദേശീയ ടീമിന്റെ ലോകകപ്പ് പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് യാസിർ അൽ-മിസെഹൽ രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പ് അനിവാര്യമായത്. 2026–2030 കാലയളവിലേക്കുള്ള ഫെഡറേഷൻ നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകിയതായി SAFF അറിയിച്ചു. അസാധാരണ ജനറൽ അസംബ്ലി യോഗത്തിലാണ് വോട്ടെടുപ്പ് നടക്കുക.
ഏഴ് വർഷമായി സൗദി ഫുട്ബോളിന്റെ തലപ്പത്ത് പ്രവർത്തിച്ച അൽ-മിസെഹൽ, ദേശീയ ടീമിന്റെ ലോകകപ്പ് ഫലത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും സൗദി ഫുട്ബോളിന് പുതിയ ദിശയും നേതൃത്വവും ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും വ്യക്തമാക്കി.
2026 ലോകകപ്പിൽ ഉറുഗ്വേയുമായും കേപ് വെർഡെയുമായും സമനില നേടിയ സൗദി അറേബ്യ, സ്പെയിനിനോട് തോൽവി വഴങ്ങിയതോടെ രണ്ട് പോയിന്റ് മാത്രമാണ് നേടാനായത്. ഇതോടെ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
അതേസമയം, SAFF പ്രസിഡന്റായി മത്സരിക്കുന്നതിന് കർശനമായ യോഗ്യതാ മാനദണ്ഡങ്ങളാണ് ഫെഡറേഷൻ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആഭ്യന്തരമോ അന്തർദേശീയമോ ആയ ഫുട്ബോൾ ഭരണരംഗത്ത് കുറഞ്ഞത് രണ്ട് വർഷത്തെ നേതൃത്വപരിചയം ഉണ്ടായിരിക്കണം. സർവകലാശാല ബിരുദം, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം, സൗദി പൗരത്വം, രാജ്യത്തെ സ്ഥിരതാമസം എന്നിവ നിർബന്ധമാണ്.
കൂടാതെ, സ്പോർട്സ് ക്ലബ്ബുകളിലോ ഫെഡറേഷനുകളിലോ ഭരണസമിതികളിലോ നിന്ന് പുറത്താക്കപ്പെട്ടതോ സസ്പെൻഡ് ചെയ്യപ്പെട്ടതോ ആയ ചരിത്രമുള്ളവർക്ക് മത്സരിക്കാനാകില്ല. 28 മുതൽ 70 വയസ് വരെയുള്ളവർക്കാണ് അർഹത. സത്യസന്ധതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലോ അച്ചടക്കലംഘനങ്ങളിലോ ശിക്ഷിക്കപ്പെട്ടവരെയും മത്സരത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഈ യോഗ്യതാ മാനദണ്ഡങ്ങൾ ഫെഡറേഷന്റെ ഭേദഗതി ചട്ടങ്ങളിൽ ഉൾപ്പെടുത്തി മെയ് 18ന് അംഗീകരിച്ചിരുന്നു.






