കിസ്‌വ നിർമാണ സമുച്ചയം സന്ദർശിച്ച് രാജാവിന്റെ അതിഥികൾ

♠ അസ്മ ജംഷീദ്
മക്ക: സൗദി ഭരണാധികാരിയായ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകനായ സൽമാൻ രാജാവിന്റെ ഹജ്ജ്, ഉംറ, സന്ദർശന അതിഥി പദ്ധതിയിൽ പങ്കെടുക്കുന്ന ആദ്യ സംഘത്തിലെ അതിഥികൾ മക്കയിലെ കിസ്‌വ കോംപ്ലക്സ് സന്ദർശിച്ചു. ഇസ്‌ലാമികകാര്യ, ദഅവാ, മാർഗനിർദേശ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അതിഥികൾക്ക് കഅ്ബയെ പൊതിയുന്ന വിശുദ്ധ കിസ്‌വ നിർമ്മിക്കുന്ന മുഴുവൻ ഘട്ടങ്ങളും പരിചയപ്പെടുത്തി. പ്രകൃതിദത്ത പട്ടുനൂൽ തയ്യാറാക്കുന്നതും നിറം നൽകുന്നതും മുതൽ നെയ്ത്ത്, സ്വർണ-വെള്ളി നൂലുകൾ ഉപയോഗിച്ചുള്ള എംബ്രോയ്ഡറി, തുന്നൽ, അന്തിമഘട്ട സംയോജനം എന്നിവ വരെ വിശദമായി അവർക്ക് കാണിച്ചുനൽകി.
കിസ്‌വ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളെയും അത്യുന്നത നിലവാരത്തിലുള്ള വൈദഗ്ധ്യത്തോടെ പ്രവർത്തിക്കുന്ന വിദഗ്ധ തൊഴിലാളികളുടെ പ്രവർത്തനങ്ങളെയും അതിഥികൾ അടുത്തറിയുകയും ചെയ്തു. കിസ്‌വ നിർമാണ സമുച്ചയത്തിലെ സാങ്കേതിക-നിർമാണ വിഭാഗങ്ങളും സന്ദർശിച്ച അതിഥികൾ, കിസ്‌വ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും വിശദീകരണം കേട്ടു.
കിസ്‌വയുടെ ഒരു ഭാഗം പ്രതീകാത്മകമായി നെയ്യുന്ന അനുഭവത്തിലും അതിഥികൾ പങ്കെടുത്തു. ഈ പാരമ്പര്യ ശിൽപകലയോട് സൗദി അറേബ്യ പുലർത്തുന്ന കരുതലും കൃത്യതയും ഇതിലൂടെ അവർക്ക് നേരിട്ട് മനസ്സിലാക്കാനായി.
രാജ്യത്തിന്റെ സാംസ്കാരിക-വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ ഈ സന്ദർശനം, വിശുദ്ധ ഹറമുകൾക്കും അവിടെയെത്തുന്ന തീർഥാടകർക്കുമായി സൗദി അറേബ്യ നടപ്പാക്കുന്ന സേവനങ്ങളും വികസന പദ്ധതികളും അതിഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു.






