അബ്‌ഷർ ബിസിനസ് വഴി പ്രവാസി തൊഴിലാളികളുടെ പാസ്‌പോർട്ട് വിവരങ്ങൾ ഓൺലൈനിൽ പുതുക്കാമെന്ന് പാസ്പോർട്ട് വിഭാഗം

♠ അസ്മ ജംഷീദ്
റിയാദ്: സൗദി അറേബ്യയിലെ സ്ഥാപന ഉടമകൾക്കും അവരുടെ ബന്ധപ്പെട്ട പ്രതിനിധികൾക്കും പ്രവാസി തൊഴിലാളികളുടെ പാസ്‌പോർട്ട് വിവരങ്ങൾ പാസ്‌പോർട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ അബ്‌ഷർ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി പുതുക്കാൻ കഴിയുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസാത്ത്) അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
പുതുതായി ആരംഭിച്ച ഈ ഇലക്ട്രോണിക് സേവനം തൊഴിലാളികളുടെ പാസ്‌പോർട്ട് വിവരങ്ങൾ വേഗത്തിലും ലളിതമായും അപ്ഡേറ്റ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം, ബിസിനസ് സ്ഥാപനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും വഴിയൊരുക്കും.
സേവനം ഉപയോഗിക്കുന്നതിനായി ആദ്യം അബ്‌ഷർ ബിസിനസ് പോർട്ടലിൽ ലോഗിൻ ചെയ്യണം. തുടർന്ന് “മൈ ബിസിനസ്സ് സർവ്വീസ് ” എന്ന വിഭാഗം തിരഞ്ഞെടുക്കുകയും, അതിന് ശേഷം “അപ്ഡേറ്റ് പാസ്പോർട്ട് ഇൻഫർമേഷൻ ഫോർ റെസിഡന്റ്‌സ് ” എന്ന സേവനത്തിലൂടെ പ്രവാസിതൊഴിലാളികളുടെ പുതിയ പാസ്‌പോർട്ട് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാം.
ഈ സേവനം ലഭ്യമാകുന്നതോടെ പാസ്‌പോർട്ട് ഓഫീസുകളിൽ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാകുകയും, സ്ഥാപനങ്ങളുടെ സമയവും നടപടിക്രമങ്ങളും ലളിതമാകുകയും ചെയ്യും.
സൗദി അറേബ്യയിലെ സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനും ബിസിനസ് മേഖലയ്ക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗകര്യം നടപ്പിലാക്കിയിരിക്കുന്നതെന്ന് ജവാസാത്ത് വ്യക്തമാക്കി.






