നജ്‌റാൻ പൈതൃകോത്സവത്തിൽ കൈത്തൊഴിലുകളുടെ മികവും കാർഷിക സമൃദ്ധിയും; സന്ദർശകരുടെ വൻ തിരക്ക്

നജ്‌റാൻ: സൗദി അറേബ്യയിലെ നജ്‌റാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനത് കരകൗശല പാരമ്പര്യവും ഒരുമിച്ച് പരിചയപ്പെടുത്തുന്ന നജ്‌റാൻ ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശകരുടെ വലിയ ശ്രദ്ധ നേടുന്നു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ നജ്‌റാൻ ശാഖ, എമിറേറ്റിന്റെ ചരിത്ര കൊട്ടാരത്തിന് സമീപം സംഘടിപ്പിക്കുന്ന മേളയിലെ കരകൗശല പ്രദർശന പവിലിയനാണ് പ്രധാന ആകർഷണം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

നജ്‌റാന്റെ പരമ്പരാഗത ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്ന കൈവേല ഉൽപ്പന്നങ്ങളായ പായകൾ, കുട്ടകൾ, കൈവീശികൾ, ചൂലുകൾ, പരമ്പരാഗത എണ്ണയാട്ട് ഉപകരണങ്ങൾ എന്നിവയുടെ പ്രത്യേക പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തലമുറകളായി കൈമാറിവരുന്ന ഈ കരകൗശലവിദ്യയുടെ മികവ് നേരിൽ കാണാൻ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.

തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണിയിലും സൗദിയുടെ വിവിധ മേഖലകളിലും ഇപ്പോഴും മികച്ച ആവശ്യകതയുണ്ടെന്ന് കരകൗശല വിദഗ്ധർ പറയുന്നു. ദീർഘകാലം ഉപയോഗിക്കാവുന്ന ഗുണമേന്മയും കൈപ്പണിയുടെ പ്രത്യേകതയും കൊണ്ടാണ് ഈ ഉൽപ്പന്നങ്ങൾ ജനപ്രീതി നിലനിർത്തുന്നതെന്നും അവർ വ്യക്തമാക്കി. ഇത്തരം പൈതൃകോത്സവങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും മികച്ച അവസരമാണെന്നും അവർ അഭിപ്രായപ്പെട്ടു.

കരകൗശല പവിലിയനുകൾക്കൊപ്പം നജ്‌റാനിലെ ഈന്തപ്പഴം, സിട്രസ് പഴവർഗങ്ങൾ, ശുദ്ധ തേൻ, കുടുംബാടിസ്ഥാനത്തിൽ നടത്തുന്ന കാർഷിക സംരംഭങ്ങൾ എന്നിവയും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. പ്രദേശത്തിന്റെ കാർഷിക സമ്പത്തും സാംസ്കാരിക പാരമ്പര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ഈ ഉത്സവത്തിന് ദിനംപ്രതി സന്ദർശകരുടെ എണ്ണം വർധിച്ചുവരികയാണ്.