പ്രവാസി എഴുത്തുകാർക്ക് സുവർണാവസരം; ജിസിസി തലത്തിൽ കഥ–കവിതാ രചനാ മത്സരം

ദമ്മാം: സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്റെ (SMLF) ഭാഗമായി, ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി സൗദി മലയാളി സമാജം കഥ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യസർഗശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച സൃഷ്ടികൾ കണ്ടെത്തി വായനാസമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മത്സരത്തിലേക്ക് അയക്കുന്ന കഥകളും കവിതകളും മുമ്പ് എവിടെയും പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികളായിരിക്കണം. പങ്കെടുക്കുന്നവർ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയുടെ പകർപ്പ് രചനയ്‌ക്കൊപ്പം സമർപ്പിക്കണമെന്നും സംഘാടകർ അറിയിച്ചു.
രചനയിൽ മത്സരാർത്ഥിയുടെ പേരോ വിലാസമോ ഫോൺ നമ്പറോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ ഉൾപ്പെടുത്താൻ പാടില്ല. ഈ വിവരങ്ങൾ പ്രത്യേകം തയ്യാറാക്കിയ മറ്റൊരു പേജിൽ ചേർത്ത് രചനയ്‌ക്കൊപ്പം അയയ്ക്കണം.
കഥകൾ A4 സൈസ് പേപ്പറിൽ പരമാവധി മൂന്ന് പേജിലും കവിതകൾ ഒരു A4 പേജിലും ഒതുങ്ങുന്നതായിരിക്കണം. രചനകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ആഗസ്റ്റ് 15 ആണ്.
മലയാള സാഹിത്യരംഗത്തെ പ്രമുഖർ ഉൾപ്പെടുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. കഥ, കവിത വിഭാഗങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ പുരസ്കാരങ്ങൾ സമ്മാനിക്കും.
മത്സരത്തിൽ ലഭിക്കുന്ന മികച്ചതും പ്രസിദ്ധീകരണയോഗ്യവുമായ കഥകളും കവിതകളും ഉൾപ്പെടുത്തി സൗദി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക കഥാ–കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.
കഥാ വിഭാഗത്തിനുള്ള രചനകൾ smlfkadhafest@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കും കവിതാ വിഭാഗത്തിനുള്ള രചനകൾ smlfkavithafest@gmail.com എന്ന വിലാസത്തിലേക്കും അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് +966 55 309 5517, +966 53 623 2357 എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാം.
ജിസിസി രാജ്യങ്ങളിലെ എല്ലാ മലയാളി പ്രവാസി എഴുത്തുകാരും സാഹിത്യപ്രേമികളും ഈ അവസരം പ്രയോജനപ്പെടുത്തി മത്സരത്തിൽ പങ്കെടുക്കണമെന്ന് സൗദി മലയാളി സമാജം ഭാരവാഹികളായ മാലിക് മഖ്ബൂൽ ആലുങ്ങൽ (പ്രസിഡന്റ്, സൗദി ദേശീയ സമിതി), സാജിദ് ആറാട്ടുപുഴ (പ്രസിഡന്റ്, ദമ്മാം ചാപ്റ്റർ), ഡോ. സിന്ധു ബിനു (ജനറൽ സെക്രട്ടറി), ഷനീബ് അബൂബക്കർ (ഓർഗനൈസിങ് സെക്രട്ടറി), ഫെബിന സമാൻ (ട്രഷറർ) എന്നിവർ വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു.






