പാവപ്പെട്ട രോഗികൾക്ക് കൈത്താങ്ങായി ജിദ്ദ പാലക്കാട് ജില്ല കെഎംസിസി; 10 ലക്ഷം രൂപയുടെ ‘കെയർ ആൻഡ് ക്യൂർ 2026’ പദ്ധതി

ജിദ്ദ: പാലക്കാട് ജില്ലയിലെ നിർധനരും നിരാലംബരുമായ രോഗികൾക്ക് ചികിത്സാ സഹായം ഉറപ്പാക്കാൻ ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി ‘കെയർ ആൻഡ് ക്യൂർ 2026’ എന്ന ആരോഗ്യ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിടുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ ധനസഹായമാണ് വിതരണം ചെയ്യുക.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പദ്ധതിയിലൂടെ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300-ഓളം അർഹരായ രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കും. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങൾക്കാണ് മുൻഗണന നൽകുക. ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള 12 മണ്ഡലം കമ്മിറ്റികളുടെയും 40-ഓളം പഞ്ചായത്ത് കമ്മിറ്റികളുടെയും സഹകരണത്തോടെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി സഹായം എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയായി പ്രവർത്തിക്കുന്ന ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു കോടിയിലധികം രൂപയുടെ വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക പദ്ധതികൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ പേരിലുള്ള എഡ്യൂ സ്‌കോളർഷിപ്പ് പദ്ധതിയിലൂടെ പാലക്കാട് ജില്ലയിലെ പഠനത്തിൽ മികവ് പുലർത്തിയ 250-ഓളം വിദ്യാർഥികൾക്ക് 15 ലക്ഷത്തോളം രൂപ വിതരണം ചെയ്തിരുന്നു.

ഈ വർഷം ജില്ലയിലെ പാവപ്പെട്ട രോഗികൾക്ക് കരുതലിന്റെ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മേഖലയിലേക്ക് പ്രത്യേക ശ്രദ്ധ തിരിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയ സേവനം നടത്തുന്ന മണ്ണാർക്കാട് സി.എച്ച്. സെന്ററിനും, ജിദ്ദ ആലത്തൂർ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് അൻഷാദിന്റെ മകൻ മുഹമ്മദ് അഹിയാന്റെ ചികിത്സയ്ക്കും പ്രത്യേക ധനസഹായം നൽകുമെന്നും അറിയിച്ചു.

പദ്ധതിയുടെ ധനസഹായ വിതരണോദ്ഘാടനം ‘പ്രവാസി കുടുംബസംഗമം’ എന്ന പേരിൽ അടുത്ത മാസം ചെറുപ്പുളശ്ശേരിയിൽ നടക്കും. കെഎംസിസി, മുസ്ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കളും ജില്ലയിലെ മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഓർഗനൈസിങ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, വൈസ് പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ എന്നിവർ പങ്കെടുത്തു.