നിർമാണ മേഖലയിൽ 40 ലക്ഷം തൊഴിലാളികൾ; മൂന്ന് വർഷത്തിനിടെ കോൺട്രാക്ടേഴ്സ് അതോറിറ്റിയുടെ അംഗത്വത്തിൽ 900% വളർച്ച

റിയാദ്: സൗദി അറേബ്യയിലെ നിർമാണ-കോൺട്രാക്ടിങ് മേഖല വേഗത്തിൽ വളരുന്നതായി സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റി പുറത്തിറക്കിയ 2025-ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർമാണ മേഖല പ്രധാന പങ്കുവഹിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

2025 അവസാനത്തോടെ അതോറിറ്റിയിൽ സജീവ അംഗത്വമുള്ള കോൺട്രാക്ടർമാരുടെ എണ്ണം ഏകദേശം 70,500 ആയി ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അംഗത്വത്തിൽ 900 ശതമാനത്തിലേറെ വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

2024-നെ അപേക്ഷിച്ച് പ്രവർത്തിക്കുന്ന നിർമാണ സ്ഥാപനങ്ങളുടെ എണ്ണം 21.44 ശതമാനം വർധിച്ചു. നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 9 ശതമാനം ഉയർന്ന് 40 ലക്ഷത്തിലധികം ആയി. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ വ്യാപിക്കുന്നതും നിക്ഷേപങ്ങൾക്ക് ഈ മേഖല കൂടുതൽ ആകർഷകമാകുന്നതും ഇതിലൂടെ വ്യക്തമാകുന്നതായി റിപ്പോർട്ടിൽ വിലയിരുത്തുന്നു.

നിയന്ത്രണ ഏജൻസിയെന്ന നിലയിൽ നിന്ന് തന്ത്രപരമായ വികസനത്തിന് നേതൃത്വം നൽകുന്ന സ്ഥാപനമായി അതോറിറ്റി മാറിക്കൊണ്ടിരിക്കുകയാണെന്ന്
സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ അജ്‌ലാൻ പറഞ്ഞു. കോൺട്രാക്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധനവ് രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിലേക്കുള്ള വിശ്വാസവും ലഭ്യമായ അവസരങ്ങളുടെയും വ്യാപ്തിയും വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (GDP) 7.75 ശതമാനം നിർമാണ മേഖലയുടെ സംഭാവനയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതോറിറ്റി സംഘടിപ്പിച്ച ഏഴാമത് ഫ്യൂച്ചർ പ്രോജക്ട്സ് ഫോറത്തിൽ 214 സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ 20,000-ത്തിലധികം വികസന പദ്ധതികൾ അവതരിപ്പിച്ചു. ഇവയുടെ ആകെ മൂല്യം മൂന്ന് ട്രില്യൺ റിയാലിലധികം വരുന്നതാണെന്നും, രാജ്യത്ത് ഇതുവരെ കാണാത്ത വികസന മുന്നേറ്റത്തിനാണ് ഇത് തെളിവാകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതോറിറ്റിയുടെ അക്കാദമിയിലൂടെ 15,000-ത്തിലധികം പേർക്ക് പരിശീലനവും കൺസൾട്ടൻസി സേവനങ്ങളും ലഭിച്ചു. ഇതിനായി 90-ത്തിലധികം പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.

കൂടാതെ, 400-ത്തിലധികം അംഗീകൃത യോഗ്യതാ പരിപാടികൾ നടപ്പാക്കിയ അക്കാദമി, സ്വദേശിവത്കരണ പദ്ധതികളുടെ ഭാഗമായി ഏഴ് പ്രത്യേക ഫോറങ്ങളിലൂടെ 660 കോൺട്രാക്ടർമാരെ ഉൾപ്പെടുത്തി. ഭാവിയിലെ നിർമാണ മേഖലയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതാണ് ഈ നേട്ടങ്ങളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സൗദി കോൺട്രാക്ടർ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ശക്തികളിലൊന്നാണെന്നും, അവരുടെ കഴിവുകൾ വർധിപ്പിച്ച് വൻ പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തരാക്കുന്നതിനാണ് അതോറിറ്റി മുൻഗണന നൽകുന്നതെന്നും അൽ അജ്‌ലാൻ പറഞ്ഞു.

നിയന്ത്രണ-പ്രൊഫഷണൽ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും, യോഗ്യതാ പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കുകയും, സ്ഥാപനങ്ങളുടെ വളർച്ചയും പ്രവർത്തന നിലവാരവും ഉയർത്തുന്ന കാര്യക്ഷമമായ സംവിധാനങ്ങൾ വികസിപ്പിക്കുകയുമാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യമെന്നും അൽ അജ്‌ലാൻ കൂട്ടിച്ചേർത്തു.